ടെന്നിസിൽ സംഭവിക്കുന്ന തലമുറ മാറ്റം
ഒന്നും ശാശ്വതമല്ല. എല്ലാത്തിനും കാലം ഒരു കാലാവധി വച്ചിട്ടുണ്ട്. ടെന്നിസിൽ അങ്ങനെ ഒരു മാറ്റത്തിന് കാഹളം മുഴങ്ങാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. പീറ്റ് സാംപ്രസ്, ആന്ദ്രേ അഗാസി, ബോറിസ് ബെക്കർ, ജിം കൊറിയർ, പാട്രിക് റാഫ്റ്റർ എന്നിവർ അടക്കിവാണിരുന്ന 90കളിൽ നിന്ന് രണ്ടായിരത്തിലേക്ക് കടന്നത് ഇത്തരം ഒരു തലമുറ മാറ്റത്തിലൂടെ ആയിരുന്നു. പിന്നീട് രണ്ടു പതിറ്റാണ്ടിന് അടുത്ത് റോജർ ഫെഡററും റാഫേൽ നദാലും ആൻഡി മുറെയും നൊവാക് ജോക്കോവിച്ചും കൂടി ടെന്നീസ് ലോകം അടക്കിവാണു. ഇന്ന് ആ ഗോൾഡൻ ജനറേഷന്റെ അസ്തമന കാലമാണ് എന്ന് വേണം കരുതാൻ.

ആൻറി മുറെ റിട്ടയർ ചെയ്തു കഴിഞ്ഞ പോലെയാണ്. ഇടുപ്പിലെ സർജറിക്കുശേഷം തുടർച്ചയായി പിന്തുടരുന്ന പരിക്ക് ഒരു വ്യക്തമായ മുൻതൂക്കം ഒരു ടൂർണമെൻറിലും മുറെയ്ക്ക് നൽകുന്നില്ല. അതിനാൽ തന്നെ അദ്ദേഹം പ്രധാനപ്പെട്ട ടൂർണമെൻറ്കളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്. ഒരു ബ്രിട്ടീഷ് വിംബിൾഡൺ ചാമ്പ്യൻ വേണ്ടിയുള്ള എൺപത് വർഷം നീണ്ടുനിന്ന ബ്രിട്ടനിലെ കാത്തിരിപ്പിന് 2013 വിംബിൾഡൺ ചാമ്പ്യൻ ആകുന്നതിലൂടെ പൂർത്തീകരിച്ച് കൊടുത്തു വ്യക്തിയാണ് മുറെ. ഒരുപക്ഷേ ബിഗ് ഫോറിൽ ഏറ്റവും പിന്നിലായിരുന്ന മുറെ അവരുടെ ഇടയിൽ തന്നെ ആധിപത്യം സ്ഥാപിച്ച എടുത്ത ഒരു ചുരുങ്ങിയ കാലയളവായിരുന്നു 2012 മുതൽ 2014 വരെ. വെറും മൂന്ന് ഗ്രാൻഡ്സ്ലാം കിരീടം എന്നത് മുറയെ അത്രയും മഹാൻ ആക്കുമോ എന്നറിയില്ല. എന്നാൽ രണ്ടു ഒളിംപിക് കിരീടം നേടിയിട്ടുള്ളത് എന്നത് ഒരു അപൂർവതയാണ്. മാത്രവുമല്ല ബാക്കി അതികായരോട് പിടിച്ചുനിന്ന് പതിനാലുവർഷത്തെ കരിയർ കെട്ടിപ്പടുത്തു എന്നത് നിസ്സാരകാര്യമല്ല. പ്രതിരോധ ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതായിരുന്നു മുറയുടെ രീതി. അത്തരം ഡിഫൻസ് പൊസിഷനുകളിൽ നിന്ന് കൊണ്ട് വിന്നിങ് ഷോട്ട്സ് എടുക്കാൻ മുറയ്ക്ക് കഴിഞ്ഞിരുന്നു. എതിരാളികളെ തീർത്തും അസ്ത്പ്രജ്ഞരാക്കുന്ന ഒരു ആക്രമണരീതി. ബിഗ് ഫോറിലെ ഏറ്റവും ഉയരക്കാരൻ എന്ന നിലയ്ക്ക് മുറയുടെ റീച്ച് വളരെ വലുതായിരുന്നു. എത്ര അകലെയുള്ള പന്തും മുറെ എത്തിച്ചെന്ന് എടുക്കുമായിരുന്നു. 2011 മുതൽ ചെക് ഇതിഹാസം ഇവാൻ ലെൻഡലിന്റെ കീഴിൽ പരിശീലിച്ചിരുന്ന മുറെ കൂടുതൽ ആക്രമണകാരി ആകുന്ന ശൈലീമാറ്റം കാണാനിടയായി. 2016 നവംബർ തൊട്ട് തുടർച്ചയായി 41 ആഴ്ച വേൾഡ് നമ്പർ വൺ ആയിരുന്നു മുറെ. എന്നിരുന്നാലും ഇനി ഒരു അങ്കത്തിനുള്ള ബാല്യം അവശേഷിക്കുന്നില്ല മുറെയിൽ. പരിക്ക് അദ്ദേഹത്തെ വല്ലാതെ തളർത്തി കഴിഞ്ഞിരിക്കുന്നു.
ഇടവിടാതെ പിന്തുടരുന്ന പരിക്ക് റാഫേൽ നദാലിനും ഒരു വില്ലനായി തീരുമോ എന്നത് കണ്ടറിയണം. പോരാളി എന്ന വാക്കിന് ഒരു പര്യായമാണെന്ന് നദാൽ. ടെന്നീസ് ലോകത്തെ ഏറ്റവും ശക്തനായ പ്രത്യാക്രമണകാരിയാണ് നദാൽ. topspin, വേഗമേറിയ ചലനങ്ങൾ, കോർട്ടിൽ എവിടെയും എത്തിപ്പെടുന്ന നീക്കങ്ങൾ, ഒരു മത്സരത്തിലുടനീളം പുറത്തെടുക്കുന്ന സ്ഥിരത, ഇവയെല്ലാം നദാലിനെ അപകടകാരി ആക്കുന്നു. എന്നാൽ 2014 മുതൽ വിടാതെ പിന്തുടരുന്ന പരിക്കുകൾ നദാലിനെ കരിയറിൽ വലിയ കരിനിഴൽ വീഴ്ത്തുന്നുണ്ടായിരുന്നു. കൈകുഴക്ക്, പുറത്ത്, കാൽമുട്ടിന്, ഇടുപ്പിന് എന്നുവേണ്ട റാഫേൽ നദാൽ ഇഞ്ചുറി വേടിക്കാത്ത ശരീരഭാഗങ്ങൾ ഇല്ല. 2014 മുതൽ കരിയറിലെ നല്ലൊരു ശതമാനം അവസരങ്ങളും നദാലിന് അവ നഷ്ടപ്പെടുത്തി. എന്നിരുന്നാലും ഇടവിട്ടുള്ള ഗ്രാൻസ്ലാം വിജയങ്ങളും വേൾഡ് നമ്പർ വൺ റാങ്കിലേക്കുള്ള തിരിച്ചുവരവുകളും കൊണ്ട് നദാൽ ടെന്നീസ് ലോകത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. കരിയറിൽ 17 ഗ്രാൻഡ് സ്ലാം നേടിയിട്ടുള്ള ഇപ്പോൾ ലോക രണ്ടാം നമ്പറിൽ നിൽക്കുന്ന നദാൽ അങ്ങനെയൊന്നും അസ്തമിച്ചു പോകില്ല. എന്നിരുന്നാലും കൂടുതൽ മത്സരബുദ്ധിയോടെ ടെന്നീസ് വളരുമ്പോൾ എത്ര നാളുകൂടി തൻറെ പരിക്ക് കൊണ്ട് തളർന്ന ശരീരവുമായി പിടിച്ചു നിൽക്കാൻ നദാലിന് പറ്റും എന്നത് ഒരു ചോദ്യചിഹ്നമാണ്. കഴിഞ്ഞ ആഴ്ച ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് 1000 സെമിഫൈനലിൽ റോജർ ഫെഡററുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറിയത് 11 വട്ടം നേടിയ ഫ്രഞ്ച് ഓപ്പൺ ഒരിക്കൽ കൂടി നേടാനുള്ള ഊർജ്ജം സംഭരിക്കാനാണ് എന്ന് നമുക്ക് വിശ്വസിക്കാം.

നൊവാക് ജോക്കോവിച്ചിന് കാലം ഇനിയും അവസരങ്ങൾ നൽകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇപ്പോഴത്തെ വേൾഡ് നമ്പർ വൺ തൻറെ തന്നെ പഴയ പ്രതാപത്തിനെ ഓർമ്മിപ്പിക്കുന്നില്ല. സാക്ഷാൽ ഫെഡററെ പോലും നിഷ്പ്രഭമാക്കിയ ഒരു കാലഘട്ടം രണ്ടു വർഷങ്ങൾക്കു മുമ്പ് ജോക്കോവിച്ചിന് ഉണ്ടായിരുന്നു. 2014 ജൂലൈ മുതൽ തുടർച്ചയായി വിജയങ്ങളിലൂടെ 122 ആഴ്ച ജോക്കോവിച്ച് ലോക ഒന്നാം നമ്പറായ തുടർന്നിരുന്നു. റോജർ ഫെഡററിന് ശേഷം 100 ആഴ്ചയിൽ കൂടുതൽ തുടർച്ചയായി ലോക ഒന്നാം നമ്പർ ആയിരുന്നത് ജോക്കോവിച്ച് മാത്രമായിരുന്നു. ഇപ്പോൾ 2018 വിംബിൾഡൺ യുഎസ് ഓപ്പൺ 2019 ഓസ്ട്രേലിൻ ഓപ്പൺ എന്നിവയുടെ വിജയത്തോടെ ജോക്കോവിച്ച് വീണ്ടും ടെന്നീസ് ലോകത്തെ മുടിചൂടാമന്നനായി വിരാജിക്കുന്നുണ്ടെങ്കിലും, എടിപി മാസ്റ്റേഴ്സ് ടൂർണമെൻറ് കളിൽ ദയനീയമായി പരാജയപ്പെടുന്ന ജോക്കോവിച്ചിനെയും നമ്മൾ കാണുന്നു. കഴിഞ്ഞ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് സീഡ് ചെയ്യാത്ത ഫിലിപ്പ് കോൾസ്ക്രീബറോട് റൗണ്ട് ഓഫ് 32വിലാണ് ജോക്കോവിച്ച് തോറ്റു പുറത്തായത്. ഖത്തർ ഓപ്പണിൽ സെമിഫൈനലിൽ സീഡ് ചെയ്യാത്ത റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനോട്, എടിപി വേൾഡ് ടൂർ ഫൈനലിൽ അലക്സാണ്ടർ സ്വരവ്നോട്, പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ കേറാൻ കാഷ്നോവിനോട്, കനേഡിയൻ ഓപ്പണിൽ റൗണ്ട് ഓഫ് സിക്സ്ടീനിൽ സിട്സിപാസിനോട്, ജോക്കോവിച്ച് തോൽക്കുന്നത് ഒരു പ്രത്യേക വ്യക്തിയോടല്ല പുതിയ തലമുറയിലെ എല്ലാവരോടും ആണ്. എന്നിരുന്നാലും ജോക്കോവിച്ചിന്റെ കാലം കഴിഞ്ഞു എന്നല്ല, പഴയ പ്രതാപത്തിൽ, ഏകപക്ഷീയമായി ജോക്കോവിച്ച് ഇനി കളിക്കുന്നത് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.

അതേ അവസ്ഥ തന്നെയാണ് റോജർ ഫെഡററുടെയും. ജയിക്കില്ല എന്ന് വിചാരിക്കുന്നിടത്ത് ഫെഡറർ ജയിക്കുന്നുണ്ട്. എന്നാൽ പാട്ടുംപാടി ജയിക്കും എന്ന് വിചാരിക്കുന്ന നിസ്സാര മത്സരങ്ങളിൽ ഫെഡറർ തോറ്റുപോകുന്നു. ബിഗ് ഫോറിൽ പ്രായം ഏറ്റവും തളർത്തിയ പോരാളി ഫെഡറർ ആണ്. 36 വയസ്സായി കഴിഞ്ഞ ഫെഡററിന്. മനസ്സുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്, എങ്കിൽ പോലും!!. 2018 ഓസ്ട്രേലിയൻ ഓപ്പൺ ഉയർത്തുമ്പോഴും ഫെഡറർ അജയൻ ആയിരുന്നു. എന്നാൽ ഇപ്പോൾ വല്ലപ്പോഴും എടുക്കുന്ന എടിപി മാസ്റ്റേഴ്സ് കപ്പുകൾ മാത്രമാണ് ശരണം. ഗ്രാൻഡ് സ്ലാം ക്യാൻവാസിൽ നിന്ന് ഫെഡറർ വളരെ വേഗം പുറത്താകുന്നു. അതും ജോക്കോവിച്ചിനെ പറ്റി പറഞ്ഞ പോലെ നിസ്സാരന്മാരായി പുതുതലമുറ താരങ്ങളോട്. സ്ട്രെയ്റ്റ് സെറ്റുകളിൽ കൂടുതൽ കളി നീണ്ടു പോകുമ്പോൾ ഫെഡറർ വല്ലാതെ തളർന്നു പോകുന്നത് പോലെ തോന്നുന്നു. ടെന്നീസ് ലോകത്ത് “കരിയർ ഗ്രാൻസ്ലാം” ഒഴിച്ച് ബാക്കിയെല്ലാം നേടിക്കഴിഞ്ഞ ഫെഡറർക്ക് ഇനി തെളിയിക്കാൻ ഒന്നുമില്ല. ഫെഡററുടെ റിട്ടയർമെൻറ് പ്രഖ്യാപനം “എന്ന്” എന്ന് വേദനയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഒരുപക്ഷേ ഏറ്റവും കൂടുതൽ സിംഗിൾസ് ടൈറ്റിൽസ് എന്ന ജിമ്മി കോണേഴ്സിൻറെ റെക്കോർഡ് മറികടക്കാൻ കാത്തിരിക്കുകയായിരിക്കും അദ്ദേഹം. അതിന് ഇനി ഏഴ് കിരീടങ്ങൾ കൂടി മതി. റാക്കറ്റ് താഴെ വയ്ക്കും മുൻപ് ഒരിക്കൽ കൂടി ആ പ്രതിഭയുടെ മിന്നലാട്ടം കാണണം എന്ന് ആഗ്രഹിക്കുന്നു.
സാംപ്രസ് അഗാസി എന്നിവരെ തട്ടിമാറ്റി ഫെഡറർ നദാൽ എന്നിവർ വന്നപോലെ പുതിയൊരു തലമുറ വളർന്നു വരാൻ സമയമായി എന്ന് തോന്നുന്നു. ജർമ്മനിയുടെ അലക്സാണ്ടർ സ്വരെവ് അവരിൽ മുൻപന്തിയിൽ നിൽക്കുന്നു. ഗ്രീസിലെ സ്റ്റെഫാനോസ് സിറ്റ്സിപാസ് റഷ്യയുടെ കേറാൻ കാഷ്നോവ് ക്രൊയേഷ്യയുടെ ബോർനാ കോറിച്ച് എന്നിവർ അടുത്ത തലമുറയിലേക്കുള്ള വാഗ്ദാനങ്ങളാണ്. എന്നിരുന്നാലും അവരെല്ലാം ടെന്നിസിന്റെ ബിഗ് ഫോർ അടങ്ങിയ സുവർണ തലമുറയുടെ ഒപ്പം എത്തുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.