നെടുംതൂണായി സഞ്ജു : വിൻഡീസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിയിലേക്ക്
കൊല്‍ക്കത്ത: ഞായറാഴ്ച നടന്ന നിർണായക ടി20 മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 4 പന്തുകൾ ശേഷിക്കെ സ്വന്തമാക്കി. സഞ്ജു സാംസണിൻറെ മികച്ച പ്രകടനം ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കൂടാതെ തിലക് വർമ്മ, സൂര്യകുമാർ, ഹർദിക്, ദുബേ എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. സഞ്ജു പുറത്താകാതെ 50 പന്തിൽ 97 റൺസ് നേടി. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു. സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ മാർച്ച് അഞ്ചിന് നേരിടും.
196 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നല്ല തുടക്കമല്ല ലഭിച്ചത്. സ്‌കോർ 29 ൽ നിൽക്കെ അഭിഷേക് ശർമ്മയെ(10) ഇന്ത്യക്ക് നഷ്ട്ടമായി. പിന്നീട 41ൽ നിൽക്കെ 10 റൺസ് നേടിയ ഇഷാൻ കിഷനെയും ഇന്ത്യക്ക് നഷ്ടമായി. പിന്നീട് സഞ്ജുവും സൂര്യകുമാറും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും 99 റൺസിൽ ഇന്ത്യക്ക് സൂര്യകുമാറിനെ നഷ്ടമായി. പിന്നീട് തിലക് വർമ്മയ്‌ക്കൊപ്പം ചേർന്ന് സഞ്ജു ടീമിനെ മുന്നോട്ട് നയിച്ചു. തിലക് വർമ്മ 15 പന്തിൽ 27 റൺസ് നേടിയ ശേഷം പുറത്തായി. പിന്നീട് സഞ്ജു ഹാർദിക്കിനൊപ്പവും ദുബേയ്ക്കൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിൽ 6 പന്തിൽ 7 റൺസ് വേണ്ടപ്പോൾ ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ബൗണ്ടറിയും നേടി സഞ്ജു ടീമിനെ വിജയത്തിലേക്ക് നയിച്ചു. പത്തൊൻപതാം ഓവറിൽ ഹർദിക് പുറത്തായ ശേഷം രണ്ട് ബൗണ്ടറികൾ നേടി ദുബേ ടീമിന്റെ റൺ ഭാരം കുറച്ചതും നേട്ടമായി. അദ്ദേഹം നാല് പന്തിൽ എട്ട് റൺസ് നേടി . ഇത്തവണ സഞ്ജു മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്തത്. അനാവശ്യമായി വലിയ ഷോട്ടുകൾ അടിക്കാതെ സ്ഥിരതയോടെ തൻറെ അവസരം മികച്ച നിലയിൽ ഉപയോഗിച്ച് ടീമിനെ മുന്നോട്ട് നയിച്ചു. ഓരോ വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു തൻറെ സ്ഥിരതയാർന്ന പ്രകടനം തുടരുകയായിരുന്നു.
ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ശേഷം, വെസ്റ്റ് ഇൻഡീസ് ശക്തമായ അടിത്തറ കെട്ടിപ്പടുത്തു. ബ്രാൻഡൻ കിംഗ് ലഭ്യമല്ലാത്തതിനാൽ, റോസ്റ്റൺ ചേസ് ഷായ് ഹോപ്പിനൊപ്പം 68 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പങ്കിട്ട് ടീമിന് സ്ഥിരതയുള്ള തുടക്കം നൽകി. സ്കോറിംഗ് മന്ദഗതിയിലാക്കാൻ മൂന്ന് ദ്രുത വിക്കറ്റുകൾ വീഴ്ത്തി മധ്യ ഓവറുകളിൽ ഇന്ത്യ തിരിച്ചടിച്ചു.
എന്നിരുന്നാലും, അവസാന അഞ്ച് ഓവറുകൾ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. ജേസൺ ഹോൾഡറും ക്യാപ്റ്റൻ റോവ്മാൻ പവലും ശക്തമായ ആക്രമണം അഴിച്ചുവിട്ടു, അഞ്ചാം വിക്കറ്റിൽ വെറും 35 പന്തിൽ 76 റൺസ് കൂട്ടിച്ചേർത്തു. അവസാന അഞ്ച് ഓവറുകളിൽ വെസ്റ്റ് ഇൻഡീസ് 70 റൺസ് നേടി, ഇന്നിംഗ്സ് ബ്രേക്കിന് മുമ്പ് സ്ഥിതി അവർക്ക് അനുകൂലമായി മാറ്റി.






































