Foot Ball Top News

സെറി എയിൽ വിജയക്കുതിപ്പുമായി റോമ

September 16, 2019

സെറി എയിൽ വിജയക്കുതിപ്പുമായി റോമ

റോമക്കെതിരെ ഒരു വിജയംപോലും നേടാനായില്ലെന്ന ചീത്തപ്പേര് തിരുത്താൻ സസ്വോളോ ഇനിയും കാത്തിരിക്കേണ്ടി വരും. സ്വന്തം തട്ടകത്തിൽ നിറഞ്ഞാടിയ മത്സരത്തിൽ സന്ദർശകരെ 4-2 എന്ന മാർജിനിൽ പരാജയപ്പെടുത്തിയ റോമ, സെറി സീസണിലെ വിജയക്കുതിപ്പിന് തുടക്കമിട്ടു. കളിയുടെ ആദ്യമിനിറ്റിൽ ക്ലൂവേർട്ടിനെ സസ്വോളോ താരങ്ങൾ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും VAR പെനാൽറ്റി നിഷേധിക്കുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ബ്രയാൻ ക്രിസ്റ്റാൻറെ, ഒരു ഫ്രീഹെഡറിലൂടെ റോമയെ മുന്നിലെത്തിച്ചു (12′). പെല്ലേഗ്രിനിയുടെ ക്രോസ് വലയിലേക്ക് തട്ടിയിട്ട് ജെക്കോയും (19′) ലീഡ് ഉയർത്തി. റോമക്കായി ആദ്യ മത്സരത്തിനിറങ്ങിയ ഹെൻഡ്രിക്ക് മേഖിതാര്യൻ, മധ്യ വരയിൽ നിന്ന് തുടങ്ങിയ മുന്നേറ്റം ലക്ഷ്യത്തിലെത്തിക്കുമ്പോൾ കളി 22 മിനിറ്റ് പിന്നിട്ടിട്ടെ ഉണ്ടായിരുന്നുള്ളു. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ക്ലൂവേർട്ടും ഗോൾ വല ചലിപ്പിച്ചതോടെ (33′) മത്സരം തീർത്തും ഏക പക്ഷീയമാകുകയായിരുന്നു.

എന്നാൽ ആദ്യ പകുതിയിൽ കാട്ടിയ കണിശതയും കൃത്യതയും ഇടവേളക്ക് ശേഷം റോമക്ക് നഷ്ടമായി. ഗോളെന്നുറച്ച ഒട്ടേറെ സുവർണ്ണാവസരങ്ങൾ റോമാ നഷ്ടമാക്കി. ഇതിനിടെ ലഭിച്ച ഫ്രീകിക്ക് ഡോമേനിക്ക് ബെരാർഡി വലയിലെത്തിച്ചതോടെ സസ്വോലോക്ക് ആശ്വാസമായി. മുന്നേറ്റത്തിൽ വന്ന പിഴവുകൾ പ്രതിരോധത്തിലും ആവർത്തിച്ചതോടെ റോമ വീണ്ടും ഗോൾ വഴങ്ങിയെങ്കിലും (72′) മത്സരത്തിലേക്ക് മടങ്ങി വരാൻ സസ്വോലോക്ക് കഴിഞ്ഞില്ല. ഉജ്വലമായ പ്രകടനത്തിലൂടെ മൂന്ന് പോയിന്റ് നേടി, പോയിന്റ് പട്ടികയിൽ ഏട്ടമാതാണ് ഇപ്പോൾ റോമാ. നഷ്ടമാക്കിയ അവസരങ്ങളെല്ലാം ലക്ഷ്യം കണ്ടിരുന്നെങ്കിൽ റോമക്ക് 10 ഗോൾ എങ്കിലും നേടാൻ കഴിഞ്ഞേനെ!. റോമ നേടിയ ഗോളുകളിൽ മൂന്നെണ്ണത്തിനും വഴിയൊരുക്കിയ പെല്ലെഗ്രിനിയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. നിരന്തരം അവസരങ്ങൾ നഷ്ടമാകുന്ന പ്രവണത വരും മത്സരങ്ങളിൽ ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന. യൂറോപ്പ ലീഗിൽ തുർക്കിഷ് ക്ലബ്ബായ ഇസ്താംബുൾ ബാസക്ഷേരുമായാണ് റോമക്ക് ഇനി മത്സരം

Leave a comment