മുന്നേറാൻ റോമ; പിടിച്ചു കെട്ടാൻ സസ്വോളോ
രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം സെറി A സീസൺ പുനരാരംഭിക്കുമ്പോൾ, പോയിന്റ് ടേബിളിൽ ചലനമുണ്ടാക്കാനൊരുങ്ങി എ എസ് റോമ. സസ്വോളോക്കെതിരെ സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ, ജയത്തിൽ കുറഞ്ഞൊന്നും ഫോൻസേകയുടെ നിര പ്രതീക്ഷിക്കുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും സമനിലയിൽ കുരുങ്ങിയ റോമക്ക്, താരതമ്യേന മികച്ചൊരു വെല്ലുവിളിയല്ലാത്ത എതിരാളികളെ പരാജയപ്പെടുത്തി, വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടാനുള്ള സുവർണ്ണ അവസരമാണിത്. പ്രമുഖ താരങ്ങൾ പരുക്കിന്റെ പിടിയിൽ ആണെന്ന വസ്തുത നിലനിൽക്കുന്നുണ്ടെങ്കിലും, റോമൻ നിരയിലെ താരങ്ങളുടെ പരിചയ സമ്പത്ത് മത്സരഗതിയെ സ്വാധീനിക്കും എന്നാണ് പരിശീലകരുടെ പക്ഷം.
ലീഗിന്റെ തുടക്കം മുതൽക്കുതന്നെ മികച്ചരീതിയിൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ടീമുകളിൽ ഒന്നാണ് റോമാ. എന്നാൽ കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ നേടുന്ന മുൻതൂക്കം മത്സരത്തിലുടനീളം നിലനിറുത്തുന്നതിൽ റോമൻ പ്രതിരോധം പരാജയപ്പെട്ടു പോകുന്നു. സെൻട്രൽ ഡിഫൻസിൽ, ഫാസിയോയുടെയും ജവാൻ ജീസസിന്റെയും പിഴവുകൾ, പലപ്പോഴും എതിർമുന്നേറ്റത്തിന് അനുകൂലമാകുന്നുണ്ട്. പരുക്കേറ്റ ഉന്റെറിന് പകരം കലാനിക്കോ മിഖിതര്യാനോ കളത്തലിറങ്ങാനാണ് സാധ്യത. സപ്പകോസ്റ്റാക്കും പരിക്കായതിനാൽ വലത് വിങ്ങിൽ പ്രതിരോധതിന്റെ അധിക ചുമതല ക്യാപ്റ്റൻ ഫ്ലോറൻസിയിൽ ഏല്പിക്കപ്പെടാനാണ് സാധ്യത.
മുൻവർഷങ്ങളിലെ കാൾ മികച്ച ടീമുമായാണ് സസ്വോളോ യുടെ വരവ്. സാംപ്ദോറിയക്കെതിരെ 4-1ന്റെ വൻ മാർജിനിൽ ജയിച്ചു വരുന്ന അവരുടെ പ്രതീക്ഷ, ടീമിന്റെ നായകനും ഹാട്രിക് ഹീറോയുമായ ഡൊമനിക്കോ ബെരൻഡിയിലാണ്. റോമയുടേതിന് സമാനമായ പ്രതിരോധത്തിലെ പാളിച്ചകൾ സസ്വോളയെയും വലയ്ക്കുന്നുണ്ട്. യുവത്വവും, പരിചയസമ്പത്തും നേർക്ക് നേർ നിൽക്കുമ്പോൾ, മൂന്നു പോയിന്റ് നേടുന്നതിനൊപ്പം, ഈ വാരം അവസാനം ആരംഭിക്കുന്ന യൂറോപ്പ ലീഗ് പോരാട്ടങ്ങൾക്ക് കോപ്പ് കൂട്ടുക എന്ന ലക്ഷ്യവും റോമക്ക് ഉണ്ട്.
#Binoy_stephen






































