Foot Ball Top News

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ ചെൽസിക്ക് അത്ര എളുപ്പമാകില്ല

August 31, 2019

author:

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ ചെൽസിക്ക് അത്ര എളുപ്പമാകില്ല

ഒറ്റ നോട്ടത്തിൽ എളുപ്പമെന്ന് തോന്നാമെങ്കിലും, ഒരുപക്ഷേ ഗ്രൂപ്പ് എഫ് കഴിഞ്ഞാൽ ഏറ്റവും ട്രിക്കി ആയ ഗ്രൂപ്പാണ് ചെൽസിയുടേത്. കടലാസിൽ മറ്റു ടീമുകളെക്കാൾ കരുത്തരാണെങ്കിലും നീലപ്പടയുടെ എതിരാളികളൊന്നും ചില്ലറക്കാരല്ല. കഴിഞ്ഞ ചാമ്പ്യൻസ്‌ ലീഗിലെ സർപ്രൈസ് പാക്കേജ് ആയിരുന്ന അയാക്‌സ് തന്നെയാണ് മുഖ്യ എതിരാളികൾ. മിന്നും താരങ്ങളായ ഡീ യോങ്ങും ഡീ ലൈറ്റും കൂടുമാറിയെങ്കിലും ഡേവിഡ് നേരസ്, ഹക്കിം സിയെക്ക്, വാൻ ഡെ ബീക്ക് തുടങ്ങി ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. എറിക്ക് ടെൻ ഹാഗിന്റെ ആക്രമണ ശൈലി കൂടെയാവുമ്പോൾ ചെൽസി – അയാക്‌സ് പോരാട്ടം കാണികൾക്കൊരു വിരുന്നാവും.

സ്റ്റാർ സ്‌ട്രൈക്കർ വിസ്സാം ബിൻ യെഡർ മൊണാക്കോയിലേക്ക് പോയെങ്കിലും റോഡ്രിഗോയും, ഗോമസും, സില്ലെസ്സനും ഒക്കെ അടങ്ങുന്ന വാലെൻസിയ നിരയും ചില്ലറക്കാരല്ല. ലില്ലേ ആണെങ്കിൽ കഴിഞ്ഞ വർഷം ഫ്രഞ്ച് ലീഗിൽ പി.എസ്.ജി.ക്ക് മാത്രം പുറകിൽ രണ്ടാമതായിരുന്നു. റെനാറ്റോ സാഞ്ചസ്, വിക്ടർ ഒസിംഹെൻ തുടങ്ങിയ താരങ്ങളെ അവർ ഇത്തവണ ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ഗ്രൂപ്പിൽ ഒന്നാമരായിത്തന്നെ ഫിനിഷ് ചെയ്യാൻ ഉള്ള ഫയർ പവറൊക്കെ ചെൽസിക്ക് ഇപ്പോഴുമുണ്ട്. വാലെൻസിയ ആയുള്ള റിസൾട്ടിനെ ആശ്രയിച്ചിരിക്കും അവരുടെ ഗ്രൂപ്പിലെ സ്ഥാനമെന്ന് തോന്നുന്നു. എവേ മത്സരങ്ങളിൽ മോശമല്ലാത്ത ഫലം നേടിയാൽ രണ്ടാം റൗണ്ടിൽ നീലപ്പടയെ കാണാം..

ജസീം അലി

Leave a comment