റാഫിക്ക് പിന്നാലെ ചെന്നൈ എഫ് സിയിൽ നിന്നും സി കെ വിനീതും പടിയിറങ്ങി
ചെന്നൈ: ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായ മുഹമ്മദ് റാഫിക്ക് പിന്നാലെ ചെന്നൈ എഫ് സിയിൽ നിന്നും സി കെ വിനീതും പടിയിറങ്ങി. കേരളത്തെ ആവേശം കൊള്ളിക്കുന്ന മഞ്ഞപ്പടയായ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിനൊപ്പം ചേര്‍ന്ന വിനീത് കാലാവധി തീര്‍ന്നമുറയ്ക്കാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. ഐഎസ്എല്ലിന്റെ അഞ്ചാംസീസണിന്റെ പകുതിയിലാണ് ലോണില്‍ വിനീത് ചെന്നൈയിനൊപ്പം എത്തിയത്.
എഫ് സി ഗോവ, എടികെ എന്നീ ടീമുകള്‍ താരത്തിന്റെ പിന്നാലെയുണ്ടെന്ന്് റിപ്പോര്‍ട്ടുകളുണ്ട്. പഴയ ക്ലബായ ബംഗളൂരു എഫ്‌സിയും വിനീതിന് നേരെ വലവീശുന്നുണ്ട്. വിനീത് ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരമായ റാഫി, ഈ സീസണില്‍ മഞ്ഞപ്പടയ്‌ക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. രണ്ട് സീസണില്‍ ചെന്നൈയിന്റെ ജേഴ്‌സിയണിഞ്ഞ ശേഷമാണ് റാഫി ക്ലബ്ബിനോട് വിട പറഞ്ഞത്.






































