ഡൽഹിയുടെ യുവനിരക്ക് രോഹിതിന്റെ മുംബൈയെ മറികടക്കാനാകുമോ?
രൂപത്തിലും ഭാവത്തിലും മാത്രമല്ല പേരിലും മാറ്റവുമായി വരുന്ന ഡൽഹി ക്യാപിറ്റൽസ് അവരുടെ ആദ്യ മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. കഴിഞ്ഞ സീസൺ വരെ ഡൽഹി ഡെയർ ഡെവിൾസ് എന്നായിരുന്നു ടീമിന്റെ പേരെങ്കിലും ഈ വർഷം മുതൽ ഡൽഹി ക്യാപിറ്റൽസ് എന്ന പുതിയ പെരുമായാണ് ഡൽഹി ഇറങ്ങുന്നത്. യുവതാരങ്ങളാൽ സമ്പന്നമായ ടീമിനെ നയിക്കുന്നത് ശ്രെയസ് അയ്യർ എന്ന യുവതാരമാണ്.

ശിക്കാർ ധവാൻ എന്ന അനുഭവസമ്പത്തുള്ള താരം ഡൽഹിയിലേക്ക് മടങ്ങിയെത്തിയത് അവരുടെ ബാറ്റിംഗ് നിരക്ക് ആത്മവിശ്വാസം നൽകുന്നു. ധവാനെ കൂടാതെ ശ്രെയസ് അയ്യർ, ഋഷഭ് പന്ത്, പ്രിത്വി ഷാ, അംകുൽ ബെയ്ൻസ്, ഹനുമ വിഹാരി എന്നീ ഇന്ത്യൻ താരങ്ങളാണ് ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിംഗ് പ്രതീക്ഷ. ന്യൂസിലാൻഡ് സൂപ്പർ താരം കോളിൻ മൺറോ കൂടി ചേരുന്നതോടെ ബാറ്റിംഗ് നിരക്ക് കരുത്ത് കൂട്ടുന്നു. ഡൽഹിയുടെ ബൗളിംഗ് നിരയും ശക്തമാണ്. ഇഷാന്ത് ശർമ്മ, കാഗിസോ റബാഡ, ട്രെന്റ് ബൗൾട്, സന്ദീപ് ലാമിച്ചാനെ, അമിത് മിശ്ര, ക്രിസ് മോറിസ് തുടങ്ങിയ ലോകോത്തര ബൗളിംഗ് നിരയാണ് ഡൽഹിക്കുള്ളത്.

മറുഭാഗത്ത് രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ബാറ്റിംഗ് നിരയും ബുംറ നയിക്കുന്ന ബൗളിംഗ് നിരയും ഏതു വെല്ലുവിളിയെയും നേരിടാൻ സജ്ജരാണ്. രോഹിത് ശർമ്മ മുംബൈ നായക സ്ഥാനം ഏറ്റെടുത്തത് മുതൽ ഉള്ള 6 സീസണിൽ നിന്നായി 3 തവണ അവർ ചാമ്പ്യന്മാരായിക്കഴിഞ്ഞു. രോഹിതിനെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ് മുംബൈ ഇന്ത്യൻസിനെ കഴിഞ്ഞ സീസണിൽ അലട്ടിയിരുന്ന പ്രധാന പ്രശ്നം. മുംബൈയിൽ സ്വന്തം കാണികളുടെ മുന്നിലാണ് മുംബൈ ഇന്ത്യൻസ് ഇന്ന് കളിക്കാനിറങ്ങുന്നത്. ടീമുകളെ തുലനം ചെയ്തു നോക്കുമ്പോൾ മുംബൈക്ക് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഡൽഹിയുടെ യുവനിരക്ക് മുംബൈയുടെ അനുഭവ സമ്പത്തിനെ മറികടക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
മുംബൈ സാധ്യത ടീം : രോഹിത് ശർമ്മ, ഡി കോക്ക്, സൂര്യകുമാർ യാദവ്, യുവരാജ് സിംഗ്, ഇഷാൻ കിഷൻ, കൃണാൽ പാണ്ട്യ, ഹർദിക് പാണ്ട്യ, കിറോൺ പൊള്ളാർഡ്, മക്നലീഗെന്, മായങ്ക് മാർക്കണ്ടേ, ജസ്പ്രീത്ര് ബുംറ.
ഡൽഹി സാധ്യത ടീം : ശിക്കാർ ധവാൻ, പ്രിത്വി ഷാ, ശ്രേയയ്സ് അയ്യർ, കോളിൻ ഇൻഗ്രാം, ഋഷഭ് പന്ത്, ഹനുമ വിഹാരി, അമിത് മിശ്ര, സന്ദീപ് ലാമിച്ചനെ,കാഗിസോ റബാഡ, ഇഷാന്ത് ശർമ്മ, ട്രെന്റ് ബൗൾട്.






































