ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്കായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങി
തിരുവനന്തപുരം: ഈ മാസം 29ന് ആരംഭിക്കുന്ന ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്കായി തിരുവനന്തപുറത്തെ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങിക്കഴിഞ്ഞു. മലയാളി താരം സഞ്‌ജു സാംസണിന് ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഈ പരമ്പര നിർണായകമാവുമെന്ന് ബിസിസിഐയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രതിനിധിയായ ജയേഷ് ജോർജ് അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്ക എ- യ്‌ക്കെതിരെ ഇന്ത്യയുടെ യുവനിര അഞ്ച് ഏകദിനങ്ങളാണ് കളിക്കുക. പരമ്പരയ്‌ക്കായി രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിനെ മനീഷ് പാണ്ഡേ നയിക്കും. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. സെപ്റ്റംബർ നാലിനും എട്ടിനും ശ്രേയസ് അയ്യരായിരിക്കും ടീമിന്‍റെ നായകൻ. വിക്കറ്റ് കീപ്പറായി സഞ്‌ജു സാംസണും ടീമിൽ ഉണ്ടാകും. 29ന് ആരംഭിക്കുന്ന മത്സരം അടുത്ത മാസം എട്ടാം തിയതിയാണ് അവസാനിക്കുന്നത്.






































