ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടി ഗുസ്തി താരം സുശീല്‍ കുമാര്‍
ഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാര്‍ സപ്തംബര്‍ 14ന് കസാഖ്‌സ്താനില്‍ തുടക്കം കുറിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ താരം യോഗ്യത നേടി. വീണ്ടും ഒരു തിരിച്ചു വരവിനായി ഒരുങ്ങുകയാണ് താരം. ഡൽഹിയിൽ നടന്ന ട്രയല്‍സില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ സുശീല്‍ ജിതേന്ദറിനെ 4-2 എന്ന സ്‌കോറിന് തോല്പിച്ചുകൊണ്ടാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് സുശീൽ ഇടം നേടിയിരിക്കുന്നത്.
ട്രയല്‍സില്‍ 4-0 എന്ന നിലയില്‍ ലീഡ് നേടിയശേഷമാണ് സുശീല്‍ 2 പോയന്റ് വഴങ്ങിയത്. തോറ്റെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാന്‍ ജിതേന്ദറിന് ഒരു അവസരം കൂടിയുണ്ട്. 79 കിലോഗ്രാം വിഭാഗത്തില്‍ വീരേന്ദര്‍ ഗുലിയയെ തോല്‍പ്പിച്ചാല്‍ ജിതേന്ദറിനും യോഗ്യത നേടാം.
നീണ്ട ഒരു ഇടവേളയ്ക്കുശേഷം ഒരു ഗുസ്തി താരത്തിന് പഴയത് പോലെ ഒരു തിരിച്ചവരവ് എളുപ്പമല്ലെന്ന് മത്സരശേഷം സുശീല്‍ കുമാര്‍ പറഞ്ഞു. ഇപ്പോഴും താൻ ഒരുപാട് കാര്യനഗൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മികച്ച വിജയം നേടാന്‍ ഇനിയും കഴിയുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുന്‍ ലോക ചാമ്പ്യനായിരുന്ന സുശീല്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയിട്ടുണ്ട്. രവി ദാഹിയ(57), ബജ് രംഗ് പൂണിയ(65), ദീപക് പൂണിയ(86), സുമിത് മാലിക്(125) എന്നിവരും ലോക ചാമ്പ്യന്‍ഷിപ്പില്‍ സുശീലിനൊപ്പം പങ്കെടുക്കുന്നുണ്ട്.






































