സണ്‍റൈസേഴ്സ് ഹൈദരാബാദിൻറെ സഹപരിശീലകനായി ബ്രാഡ് ഹാഡിനെ നിയമിച്ചു
മുംബൈ: ഐപിഎൽ ക്രിക്കറ്റ് ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിൻറെ പുതിയ സഹപരിശീലകനായി ബ്രാഡ് ഹാഡിനെ നിയമിച്ചു. സൈമൺ ഹെൽമോട്ടിന് പകരമാണ് ബ്രാഡ് ഹാഡിനെ നിയമിച്ചിരിക്കുന്നത്. മുൻ ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് ബ്രാഡ് ഹാഡിൻ. നേരത്തെ ജൂലൈയിൽ ട്രെവര്‍ ബെയ്ലിസിനെ അവരുടെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. ടോം മൂഡിക്ക് പകരമാണ് ട്രെവര്‍ എത്തിയത്. 
ഓസ്ട്രേലിയൻ ടീമിനെ പരിശീലിപ്പിച്ചതിൻറെ പരിചയം ഹാഡിന് ഉണ്ട്. ഓസ്ട്രേലിയൻ ടീമിൻറെ ഫീൽഡിങ് പരിശീലകൻ ആയിരുന്നു ഹാഡിൻ. കൂടാതെ ഹാഡിൻ സിഡ്നി സിക്സേഴ്സിൻറെ മുഖ്യപരിശീലകൻ ആയിരുന്നു. ഹാഡിന്റെ കീഴിൽ അവർ 2012 കിരീടം നേടിയിട്ടുണ്ട്. ഐപിഎലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു ഹാഡിൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബ്രെൻഡൻ മക്കല്ലത്തെ മുഖ്യ പരിശീലകനാക്കി ഒരാഴ്ചയ്ക്കുള്ളിൽ ആണ് ഹാഡിനും ഐപിഎല്ലിൽ എത്തിയിരിക്കുന്നത്.






































