Cricket Epic matches and incidents Top News

സച്ചിൻ രമേശ് ടെണ്ടുൽക്കർ സ്വാർത്ഥനായ കളിക്കാരനായിരുന്നോ? ഭാഗം 2

August 10, 2019

author:

സച്ചിൻ രമേശ് ടെണ്ടുൽക്കർ സ്വാർത്ഥനായ കളിക്കാരനായിരുന്നോ? ഭാഗം 2

മുൻ പോസ്റ്റിൽ (വായിക്കാത്തവർ സെർച്ച് ചെയ്ത് വായിക്കുക) സച്ചിൻ 80 റൺസ് കഴിഞ്ഞാൽ സെഞ്ച്വറിയിലേക്ക് പോകാൻ മെല്ലെപ്പോക്ക് നടത്താറുണ്ട് എന്ന ആരോപണത്തെ പൊളിച്ചു കൊണ്ട് സച്ചിന്റെ സെഞ്ച്വറി ഇന്നിംഗ്സുകൾ പരിശോധിച്ചിരുന്നു. ഈ പോസ്റ്റിൽ സച്ചിൻ സെഞ്ച്വറി പൂർത്തിയാക്കാനാകാതെ തൊണ്ണൂറുകളിൽ ഔട്ട് ആയ ഇന്നിംഗ്സുകളെ പരിശോധിക്കാം.

2001 മുതലുള്ള സച്ചിന്റെ ഇന്നിംഗ്സുകളാണ് പരിശോധിച്ചത്. 12 തവണ സച്ചിൻ 90കളിൽ ഔട്ട് ആയിട്ടുണ്ട്. ആ പന്ത്രണ്ട് ഇന്നിംഗ്സുകളിൽ നാല് തവണയാണ് സച്ചിൻ 80 റൺസ് എത്താൻ കളിച്ചതിനെക്കാൾ പതുക്കെ പിന്നീടങ്ങോട്ട് കളിച്ചിട്ടുള്ളത്. ബാക്കി എട്ടു തവണയും അത് വരെ കളിച്ച സ്ട്രൈക് റേറ്റ് നിലനിർത്താനോ സ്ട്രൈക് റേറ്റ് ഉയർത്തി കളിക്കുകയോ ചെയ്തിട്ടുണ്ട്. മെല്ലെപ്പോക്ക് നടത്തിയ നാല് ഇന്നിംഗ്സുകൾ പരിശോധിച്ച് നോക്കാം.

1. പാകിസ്ഥാനെതിരെ 2003 ലോകകപ്പിൽ 273 റൺസ് ചെയ്സ് ചെയ്ത ഇന്നിംഗ്സ് ആണ് അത്. സച്ചിൻ അന്ന് 75 ബോളുകളിൽ 98 റൺസ് എടുത്താണ് ഔട്ട് ആയത്. വെറും 55 പന്തിൽ 80 റൺസ് തികച്ചെൻകിലും പിന്നീടുള്ള 17 റൺസ് എടുക്കാൻ 20 പന്തുകൾ വേണ്ടി വന്നു. 147 ഉണ്ടായിരുന്ന സ്ട്രൈക് റേറ്റ് 85 ആയി കുറഞ്ഞു. കളിയെ ഒരു തരത്തിലും ഇത് ബാധിച്ചില്ല എന്ന് മാത്രമല്ല സച്ചിൻ അന്ന് മാൻ ഓഫ് ദ മാച്ച് ആവുകയും ചെയ്തു. പ്രഷർ മാച്ചസിൽ സച്ചിൻ കളിക്കാറില്ല എന്ന വാദത്തെയും ഈ ഇന്നിംഗ്സ് പൊളിച്ചു കയ്യിൽ കൊടുക്കുന്നു.

2. 2007ൽ സൗത്ത് ആഫ്രിക്കക്കെതിരെ 226 റൺസ് ചെയ്സ് ചെയ്ത ഇന്നിംഗ്സ്. 106 ബോളുകളിൽ 93 റൺസ് എടുത്താണ് സച്ചിൻ ഔട്ട് ആയത്. 90 സ്ട്രൈക് റേറ്റിൽ 80 റൺസ് എത്തിയ സച്ചിൻ 93ൽ എത്താൻ 16 പന്തുകൾ എടുത്തു. ഇത് ഒരു മെല്ലെപ്പോക്ക് ആണോ എന്ന് സംശയം ഉണ്ടെങ്കിലും സ്ട്രൈക് റേറ്റ് നോക്കുൻപോൾ 90ൽ നിന്ന് 75ലേക്ക് കുറഞ്ഞതായി കാണാം. പക്ഷേ ടീമിന് ഇതിനിടയിൽ 2 വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ചെയ്സ് ചെയ്യുന്ന വേളയിൽ ബാറ്റ്സ്മാൻ സ്വാഭാവികമായും ഇത്തരം അനവസരങ്ങളിൽ ശ്രദ്ധാലുവാകും. ഈ മാച്ചിലും ഇന്ത്യ വിജയിക്കുകയും സച്ചിൻ മാൻ ഓഫ് ദ മാച്ച് ആവുകയും ചെയ്തിരുന്നു.

3. 2007ൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ 316 റൺസ് ചെയ്സ് ചെയ്ത ഇന്നിംഗ്സ്. അന്ന് സച്ചിൻ ഔട്ട് ആകുൻപോൾ 94 റൺസ് എടുത്തിരുന്നു. 61 ബോളുകളിൽ 80ലേക്ക് കടന്ന സച്ചിൻ പിന്നെ 14 റൺസ് എടുക്കാൻ 20 ബോളുകൾ വേണ്ടി വന്നു. 132 സ്ട്രൈക് റേറ്റ് 65 ആയി കുറഞ്ഞു. കളിയുടെ വേഗത കുറയാൻ കാരണം 80ന് ശേഷം ലെഗ് ക്രാംപ് ആയി എന്നതാണ്. പിന്നെ അങ്ങോട്ട് ബൗണ്ടറി മാത്രം ആണ് സച്ചിൻ അടിച്ചത്. ഓടാൻ വയ്യാത്ത അവസ്ഥ. ഒടുവിൽ ഔട്ട് ആയി പോകുൻപോൾ ഓവലിലെ സ്റ്റെപ്പുകൾ കയറാൻ വയ്യാതെ ആളുകൾ താങ്ങി കൊണ്ട് പോവുകയായിരുന്നു. അന്നും ഇന്ത്യ തന്നെ ജയിച്ചു. സച്ചിൻ തന്നെ ആയിരുന്നു മാൻ ഓഫ് ദ മാച്ചും.

4. 2008ൽ ഓസ്ട്രേലിയയിൽ ഓസ്ട്രേലിയക്കെതിരെ ഉള്ള മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 258 റൺസ് എടുത്തു. 121 ബോളുകളിൽ 91 റൺസ് എടുത്ത് സച്ചിൻ ഔട്ട് ആയി. പതുക്കെ ആയിരുന്നു സച്ചിന്റെ ഇന്നിംഗ്സ്. 108 ബോളുകളിൽ ആണ് 80 എത്തിയത്. 91 എത്താൻ വീണ്ടും 23 ബോളുകൾ ആവശ്യമായി. 74 ഉണ്ടായിരുന്ന സ്ട്രൈക് റേറ്റ് 48 ആയി കുറഞ്ഞു. ബൗളർമാരുടെ മിടുക്ക് കൊണ്ട് അന്ന് ഇന്ത്യ ജയിച്ചു.

ഒരേ സമയം സച്ചിനെതിരെയുള്ള രണ്ട് വാദങ്ങളാണ് ഇവിടെ പൊളിഞ്ഞത്. സച്ചിൻ ചെയ്സ് ചെയ്യുൻപോഴും പ്രഷർ ഘട്ടങ്ങളിലും കളിക്കാറില്ല. പിന്നെ 80 കഴിഞ്ഞാൽ സച്ചിൻ സെഞ്ച്വറി അടിക്കാനുള്ള മെല്ലെപ്പോക്ക് നടത്തും എന്നും. വസ്തുതകൾ നോക്കുൻപോൾ ഇതൊക്കെ തെറ്റായ വാദങ്ങൾ മാത്രം ആയി നിക്കുന്നു.

സച്ചിൻ ഒരു ഘട്ടത്തിലും സ്വാർത്ഥനായിരുന്നില്ല. അയാൾ ക്രിക്കറ്റിനോട് അത്രയ്ക്ക് ആത്മാർത്ഥതയും സ്നേഹവും വച്ച് പുലർത്തിയിരുന്നു. സച്ചിനെ ഇനിയും വിമർശിക്കണമെന്ന് തോന്നുന്നവർ പുതിയ വാദവുമായി വരിക. നമുക്ക് നോക്കാം.

സൂചന : ഈ പോസ്റ്റ് വേറെ ഒരു കളിക്കാരനെയും വില കുറച്ചു കാണിക്കാനല്ല. എല്ലാ കളിക്കാർക്കും അവരുടെതായ സ്ഥാനം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ക്രിക്കറ്റിനെ ഒരു ഗെയിം ആയി മാത്രം കാണുക.

Leave a comment