കുഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യൻ ടീമിന് കനത്ത പിഴ
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കുഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കനത്ത പിഴയും. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്ക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനം പിഴ ചുമത്തി.
നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ട ഓവറുകള്‍ക്ക് നാലോവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞിരുന്നത്. പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് ഓള് ഔട്ടായിരുന്നു. 70 പന്തില്‍ 73 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (27), ശിഖര്‍ ധവാന്(7), വിരാട് കോലി (9) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം അഞ്ചാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത രാഹുലാണ് ഇന്ത്യയെ 150 കടത്തിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന് 36 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ എബാദത്ത് ഹൊസൈന്‍ 47 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.
മെഹ്ദി ഹസന്റെ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പറായിരുന്ന കെ എല്‍ രാഹുല്‍ നഷ്ടമാക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. നാലോവര്‍ ബാക്കി നിര്‍ത്തി ബംഗ്ലാദേശ് ജയിച്ചിട്ടും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യക്ക് കനത്ത പിഴ വന്നുവെന്നതാണ് ശ്രദ്ധേയം.