ന്യൂസിലൻഡിനെതിരെ ചരിത്ര നേട്ടവുമായി ദീപക് ഹൂഡ
യുവതാരങ്ങളുമായി ആദ്യ ടി20 മത്സരത്തിനിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ 65 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി പരമ്പരയില്‍ ലീഡെടുത്തപ്പോള്‍ വിജയത്തില്‍ ശ്രദ്ധേയമായി ദീപക് ഹൂഡയുടെ ബൗളിംഗ്. നാലു വിക്കറ്റ് പ്രകടനവുമായാണ് താരം മത്സരത്തിൽ നിർണായക പങ്കുവഹിച്ചത്.
ന്യൂസിലന്‍ഡിനെതിരെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ദീപക് ഹൂഡയെ പന്തേല്‍പ്പിച്ചപ്പോള്‍ പിറന്നതാകട്ടെ ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ്. 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയ ഹൂഡ ഒരവസരത്തില്‍ ഹാട്രിക്കിന് അടുത്തെത്തുകയും ചെയ്തു. ന്യൂസിലന്‍ഡ് വാലറ്റത്തെ പൊരുതാനനുവദിക്കാതെ പറഞ്ഞുവിട്ടത് ഹൂഡയുടെ ഓഫ് സ്പിന്നായിരുന്നു. നേരത്തെ ഡാരില്‍ മിച്ചലിനെ പുറത്താക്കിയ ഹൂഡ തന്റെ രണ്ടാം വരവില്‍ ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി എന്നിവരെ വീഴ്ത്തിയാണ് നാലു വിക്കറ്റ് തികച്ചത്.
ടി20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. 2021-ല്‍ ഈഡന് ഗാര്‍ഡന്‍സില്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലിന്റെ ബൗളിംഗ് പ്രകടനമായിരുന്നു ഇതുവരെയുള്ള മികച്ച ബൗളിംഗ് പ്രകടനം.






































