European Football Foot Ball Top News

ജിറൗഡിൻ്റെ മികവിൽ സാൽസ്ബർഗിനെ തകർത്ത് നോക്കൗട്ട് ടിക്കറ്റെടുത്ത് എ.സി മിലാൻ.!

November 3, 2022

author:

ജിറൗഡിൻ്റെ മികവിൽ സാൽസ്ബർഗിനെ തകർത്ത് നോക്കൗട്ട് ടിക്കറ്റെടുത്ത് എ.സി മിലാൻ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇ ഗ്രൂപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ഓസ്ട്രിയൻ ക്ലബായ ആർ.ബി സാൽസ്ബർഗിനെ തകർത്തെറിഞ്ഞുകൊണ്ട് എ.സി മിലാൻ കരുത്തുകാട്ടി. സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ആതിഥേയരായ മിലാൻ വിജയത്തേരോട്ടം നടത്തിയത്. ഈയൊരു വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി ചെൽസിക്ക് പിന്നിൽ 2ആം സ്ഥാനക്കാർ ആയികൊണ്ട് മിലാൻ നോക്കൗട്ട് ടിക്കറ്റ് എടുത്തു. ഇരട്ടഗോളും, ഇരട്ട അസിസ്റ്റും നേടിയ ഫ്രഞ്ച് താരം ഒലിവർ ജിറൗഡ് ആണ് സാൽസ്ബർഗ് വധത്തിനു നേതൃത്വം നൽകിയത്. മത്സരത്തിൻ്റെ 14ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. ഇറ്റാലിയൻ താരം ടൊണാലിയുടെ കോർണറിൽ നിന്നും ജിറൗഡ് ആണ് ഗോൾ സ്വന്തമാക്കിയത്. ആദ്യപകുതിയിൽ കൂടുതൽ ഗോളുകളും ഒന്നുംതന്നെ പിറന്നില്ല.

ശേഷം രണ്ടാം പകുതിയിൽ റേഡ് ക്രുനിക്കിലൂടെ മിലാൻ മത്സരത്തിലെ രണ്ടാം ഗോൾ സ്വന്തമാക്കി. ജിറൗഡ് ആണ് ഈയൊരു ഗോളിൻ്റെ അസിസ്റ്റ് സ്വന്തമാക്കിയത്. പിന്നീട് 57ആം മിനിറ്റിൽ ജിറൗഡ് തൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കി. ടീമിൻ്റെ 3ആം ഗോൾ കൂടിയായിരുന്നു ഇത്. തുടർന്നും നിരന്തര ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്ന മിലാൻ ഒടുവിൽ ഇഞ്ചുറി ടൈമിൽ ജൂനിയർ മെസ്സിയാസിൻ്റെ ഗോളിലൂടെ സാൽസ്ബർഗിന് മേൽ അവസാനത്തെ ആണിയും അടിച്ചു. ഈയൊരു ഗോളിന് വഴിയൊരുക്കിയതും ഒലിവർ ജിറൗഡ് തന്നെയായിരുന്നു. ചുരുക്കിപറഞ്ഞാൽ ഒരു ഒലിവർ ഷോ ആണ് സാൻ സിറോയിൽ കണ്ടത്. അതോടെ എതിരില്ലാത്ത 4 ഗോളുകൾക്ക് സാൽസ്ബർഗ് മിലാനു മുന്നിൽ കീഴടങ്ങി. വിജയിക്കുന്ന ടീം നോക്കൗട്ടിൽ പ്രവേശിക്കുമെന്നിരിക്കെ വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ച സാൽസ്ബർഗ് ആരാധകർക്ക് നിരാശയായി ഫലം. നാലു ഗോളുകളിലും പങ്കാളിത്തം വഹിച്ച ജിറൗഡ് ആണ് മത്സരത്തിലെ താരം.

Leave a comment