സെൽട്ടിക്കിനെ ഗോളിൽ മുക്കി റയൽ മാഡ്രിഡ്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്കോട്ടിഷ് ക്ലബായ സെൽട്ടിക്കിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് വിജയം. റയലിൻ്റെ മൈതാനമായ സാന്തിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആഞ്ചെലോട്ടിയും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ 5ആം മിനിറ്റിൽ തന്നെ റയലിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. സെൽട്ടിക് താരം ജെൻസിൻ്റെ കയ്യിൽ പന്ത് തട്ടിയതിനാണ് റഫറി പെനൽറ്റി വിധിച്ചത്. കിക്ക് എടുത്ത മോഡ്രിച്ചിന് പിഴച്ചില്ല. സ്കോർ 1-0. അതിന് ശേഷം 21ആം മിനിറ്റിൽ വീണ്ടും റയലിന് പെനൽറ്റി. ഇത്തവണ ഒ’ റിലെയാണ് വില്ലനായത്. വാറിൻ്റെ സഹായത്തോടെയാണ് റഫറി പെനൽറ്റി വിധിച്ചത്. കിക്ക് എടുത്തത് റോഡ്രിഗോ ആയിരുന്നു. സ്കോർ 2-0. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സെൽട്ടിക്കിന് അനുകൂലമായും പെനൽറ്റി ലഭിച്ചെങ്കിലും കിക്ക് എടുത്ത ജുരനോവിച്ച് അത് പാഴാക്കി. അതോടെ ആദ്യ പകുതി 2-0 എന്ന നിലയിൽ തന്നെ അവസാനിച്ചു.
ശേഷം രണ്ടാം പകുതിയിൽ 51 ആം മിനിറ്റിൽ തന്നെ റയൽ അസെൻസിയോയിലൂടെ ലീഡ് 3 ആക്കിമാറ്റി. ഇതോടെ മത്സരത്തിൻ്റെ ഗതി ഏറെക്കുറെ വ്യക്തമായി. പിന്നീട് 61ആം മിനിറ്റിൽ വൽവെർദേ നൽകിയ പാസിൽ നിന്നും വിനിഷ്യസ് റയലിൻ്റെ നാലാം ഗോളും സ്വന്തമാക്കി. ഒരു 10 മിനിട്ടിൻ്റെ ഇടവേളയിൽ റയൽ 5ആം ഗോളും കണ്ടെത്തി. ഇത്തവണ വൽവെർദേയുടെ ഊഴമായിരുന്നു. ലൂക്കാസ് വാസ്ക്കെസാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. ഒടുവിൽ പോർച്ചുഗീസ് താരം ജോട്ടയിലൂടെ സെൽട്ടിക് തങ്ങളുടെ ആശ്വാസഗോൾ സ്വന്തമാക്കി. അങ്ങനെ മത്സരം 5-1 എന്ന നിലയിൽ അവസാനിച്ചു. ഈയൊരു വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റുമായി റയൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ നോക്കൗട്ടിലേക്ക് പ്രവേശിച്ചു. സൂപ്പർ താരം കരീം ബെൻസീമയ്ക്ക് ആദ്യ ഇലവനിൽ നിന്നും വിശ്രമം നൽകിയായിരുന്നു ആഞ്ചെലോട്ടി ടീമിനെ ഇറക്കിയത്.






































