Cricket Cricket-International Top News

ചുക്കാൻ പിടിച്ച് കോലി, സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

October 23, 2022

author:

ചുക്കാൻ പിടിച്ച് കോലി, സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയ്ക്ക് പാകിസ്ഥാനെതിരേ ഇന്ത്യയുടെ പ്രതികാരം. വിരാട് കോലി എന്ന റണ്‍ മെഷീന്‍ നിറഞ്ഞാടിയ 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പൊരുതിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറു വിക്കറ്റ്‌ നഷ്ടത്തിലാണ് മറികടന്നത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.

160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ഏഴ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാലിന് 33 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ.

കോലിയും സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 10 പന്തില്‍ നിന്ന് 15 റണ്‍സടിച്ച സൂര്യ അനാവശ്യ ഷോട്ടിന് കളിച്ച് വിക്കറ്റു കളയുകയായിരുന്നു. അഞ്ചാമനായി അക്ഷര്‍ പട്ടേലിനെയാണ് രോഹിത് ശര്‍മ അയച്ചത്. എന്നാല്‍ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടായി. ഇതോടെ ഇന്ത്യ 31 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നീടായിരുന്നു ഹാര്‍ദിക്- കോലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. 113 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

Leave a comment