ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ
അടുത്ത വർഷത്തെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ് ഷാ, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞത്.
2023 ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാനാണ് വേദിയാകുന്നത്. 50 ഓവര്‍ ടൂര്‍ണമെന്റായിട്ടാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിനെ ബിസിസിഐ അയയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനില്‍ നടക്കാന്‍ സാധ്യത കുറവാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തലപൊക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനും പങ്കെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള പൊതുവേദികളില്‍ മത്സരം സംഘടിപ്പിക്കാനാകും സംഘാടകരുടെ ശ്രമം.
2005-2006 കാലഘട്ടത്തിലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനില്‍ ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. 2012-13 ല്‍ മൂന്ന് ടി20 മത്സരങ്ങള്‍ക്കും ഏകദിന പരമ്പരയ്ക്കുമായി പാകിസ്ഥാന് ഇന്ത്യയിലെത്തിയിരുന്നു. അതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. എന്നാല്‍, ലോകകപ്പ് മത്സരങ്ങളിലും ഏഷ്യാകപ്പിലും ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.






































