ഇഞ്ചുറി ടൈം ഗോളിൽ ഈസ്റ്റ് ബംഗാളിൽ നിന്നും വിജയം പിടിച്ചെടുത്ത് ഗോവ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ എഫ്സി ഗോവയ്ക്ക് വിജയത്തോടെ തുടക്കം. കളിയുടെ അവസാന നിമിഷം വരെ സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ എഡു ബേഡിയയുടെ ഫ്രീകിക്ക് ഗോളിലൂടെ ഗോവ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈസ്റ്റ് ബംഗാളിൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 7ആം മിനിറ്റിൽ തന്നെ സന്ദർശകർ ലീഡ് നേടി. അൽവാരോ വാസ്ക്കസിൻ്റെ പാസിൽ നിന്നും ക്യാപ്റ്റൻ ബ്രണ്ടൻ ഫെർണാണ്ടസ് ആണ് ഗോവയ്ക്കായി വലകുലുക്കിയത്. ആദ്യ പകുതി 1-0 എന്ന നിലയിൽ തന്നെ അവസാനിച്ചു. ഗോവയുടെ ആക്രമണങ്ങൾക്ക് തടയിടുക മാത്രമായിരുന്നു ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിൻ്റെ ജോലി.
രണ്ടാം പകുതിയിൽ ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി കുറച്ച് ആക്രമണ മനോഭാവം കൂടി ഈസ്റ്റ് ബംഗാൾ പുറത്തെടുത്തു. അതിൻ്റെ ഫലമായി 64ആം മിനിറ്റിൽ മലയാളി താരം വിപി സുഹൈറിനെ ഗോവൻ ഗോൾകീപ്പർ ധീരജ് സിംഗ് ബോക്സിൽ വീഴ്തിയതിന് ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്ക് എടുത്ത ക്ലെയ്റ്റൺ സിൽവയ്ക്ക് പിഴച്ചില്ല. ധീരജിനെ കബളിപ്പിച്ചുകൊണ്ട് പന്ത് വലത് മൂലയിലേക്ക് ക്ലെയ്റ്റൺ അനായാസം പ്ലെയ്സ് ചെയ്തു. സ്കോർ 1-1. പിന്നീട് ഒരു ഗോളിനായി ഗോവ നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഇവാൻ ഗോൺസാലസ് നയിക്കുന്ന ഈസ്റ്റ് ബംഗാൾ പ്രതിരോധനിര അതെല്ലാം തടുത്ത് നിർത്തി. എന്നാൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ചുകൊണ്ട് എഡു ബേഡിയ ഗോവയെ വിജയത്തിലെത്തിക്കുകയായിരുന്നു. ബോക്സിൽ നിന്നും വളരെ അകലത്തിൽ ലഭിച്ച ഫ്രീകിക്ക് ഒരു ഡയറക്ട് ഗോളിനായല്ല ബേഡിയ ശ്രെമിച്ചതെങ്കിലും ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിൻ്റെയും ഗോൾകീപ്പറുടെയും പിഴവ് മൂലം അത് ഗോളായി മാറുകയായിരുന്നു. അതോടെ സമനിലയിലേക്ക് നീങ്ങിയ മത്സരം ഗോവ കൈപ്പിടിയിലൊതുക്കി.






































