എതിരാളി ബ്രൈട്ടന് ;ടോട്ടന്‍ഹാമിന് വിജയം നേടിയേ തീരൂ
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തില്‍ ആഴ്സണലിനോട് ഏറ്റ പരാജയവും ചാമ്പ്യന്‍സ് ലീഗില്‍ ഫ്രാങ്ക്ഫുട്ടിനെതിരെ പിണഞ്ഞ സമനിലയും മറന്ന് ഒരു പുതിയ തുടക്കത്തിന് വേണ്ടി ശനിയാഴ്ച വൈകുന്നേരം ബ്രൈറ്റൺ & ഹോവ് അൽബിയോണിനെ നേരിടാൻ അമെക്സിലേക്ക് യാത്ര ചെയ്യുകയാണ് ടോട്ടൻഹാം ഹോട്സ്പർ.ബ്രൈറ്റൺ തങ്ങളുടെ അവസാന മത്സരത്തില്‍ ലിവർപൂളുമായി 3-3 സമനിലയിൽ പിരിഞ്ഞു.പോയിന്റ് പട്ടികയില്‍ ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്തും ബ്രൈട്ടന് നാലാം സ്ഥാനതുമായതിനാല് ഇന്നത്തെ മത്സരത്തിലെ ആവേശം വാനോളം ആയിരിക്കും.
ലീഗ് വളരെ ശക്തമായ രീതിയില്‍ ആരംഭിച്ച ടോട്ടന്‍ഹാമിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോശം കാലഘട്ടം ആണ്. വരാനിരിക്കുന്ന മാസത്തില്‍ എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ബോൺമൗത്ത്,ലിവര്‍പൂള്‍ എന്നിങ്ങനെ ശക്തമായ ടീമുകളെ നേരിടാന്‍ ഒരുങ്ങുന്ന ടീമിന്റെ ആത്മവിശ്വാസം പെട്ടെന്ന് മെച്ചപ്പെടുത്തേണ്ട ചുമതലയില്‍ ആണ് കോണ്ടേ ഇപ്പോള്‍.അദ്ദേഹത്തിന് ഇന്നത്തെ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചേ മതിയാകൂ. ബ്രൈട്ടനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ടോട്ടന്‍ഹാമിന് പട്ടികയില്‍ സിറ്റിയുടെ ഒപ്പം എത്താനും കഴിഞ്ഞേക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മത്സരം.






































