ബുംറ പരിക്കേറ്റ് പുറത്ത്, ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് നഷ്ടമാവും. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവേദന അനുഭവപ്പെട്ട ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി.
ബുമ്രക്ക് ഒരുമാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. ജൂലൈയില്‍ ഇംഗ്ലണ്ടിനെിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ബുമ്ര കളിച്ചിരുന്നു. എന്നാല്‍ ഇഥിന് പിന്നാലെ തുടങ്ങിയ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് ബുമ്രക്ക് വീണ്ടും നടുവേദന അനുഭവപ്പെടുകയായിരുന്നു.
ബുംറ ടീമില്‍ നിന്ന് പുറത്തായാല്‍ റിസര്‍വ് താരങ്ങളായ ദീപക് ചാഹറിനോ മുഹമ്മദ് ഷമിയ്ക്കോ ടീമിലിടം ലഭിക്കും. ട്വന്റി 20 ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ സീനിയര്‍ താരമാണ് ബുംറ. പരിക്കിന്റെ പിടിയിലായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേരത്തേ ടീമില്‍ നിന്ന് പുറത്തായിരുന്നു.






































