ബാബർ അസമിനെ മറികടന്നു, ഐസിസി റാങ്കിംഗിൽ രണ്ടാമതെത്തി സൂര്യകുമാര്‍ യാദവ്
ഐസിസിയുടെ ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ബാറ്റര്‍മാരുടെ പട്ടികയില്‍ സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയ്ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാറിന് തുണയായത്.
താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സൂര്യകുമാര്‍ രണ്ടാമതുണ്ടായിരുന്ന പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് രണ്ടാമതെത്തിയത്. അതേസമയം പാകിസ്ഥാന്റെ തന്നെ മുഹമ്മദ് റിസ്വാനാണ് ഒന്നാം റാങ്കില്‍. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്ററും സൂര്യകുമാറാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ വെറും എട്ട് റണ്‍സ് നേടിയാല്‍ താരത്തിന് വലിയൊരു റെക്കോഡ് സ്വന്തമാക്കാനാകും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് സൂര്യകുമാറിനെ കാത്തിരിക്കുന്നത്.
നിലവില്‍ 682 റണ്‍സാണ് സൂര്യകുമാറിനുള്ളത്. എട്ട് റണ്‍സ് നേടിയാല്‍ സൂര്യകുമാര്‍ ശിഖര്‍ ധവാന് 2018-ല്‍ സ്ഥാപിച്ച റെക്കോഡ് മറികടക്കും. നിലവില്‍ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ധവാന് 2018-ല്‍ 689 റണ്‍സാണ് നേടിയിട്ടുള്ളത്.






































