Cricket Cricket-International Top News

ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ എ

September 27, 2022

author:

ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ എ

സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ടും രജന്‍ഗദ് ബാവ പന്ത് കൊണ്ടും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം മത്സരവും വിജയിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. മൂന്നാം ഏകദിനത്തില്‍ 106 റണ്‍സിനായി സഞ്ജുവിന്‍റെയും സംഘത്തിന്‍റേയും വിജയം.

ഇന്ത്യ എ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് എ ടീം 38.3 ഓവറില്‍ 178 റണ്‍സ് ഓള്‍ ഔട്ടായി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര നേടിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനായി സ്ഥാനമേറ്റ ആദ്യപരമ്പര തന്നെ തൂത്തുവാരിക്കൊണ്ട് സഞ്ജു സാംസണ്‍ വരവറിയിച്ചുവെന്നു വേണം പറയാൻ.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ മികവില്‍ 284 റണ്‍സെടുത്തു. സഞ്ജു 68 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്തു. 33 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത ശാര്‍ദൂല്‍ ഠാക്കൂറും 62 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ തിലക് വര്‍മയും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

ആശ്വാസവിജയം തേടി 285 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി ഓപ്പണര്‍ ഡെയ്ന്‍ ക്ലീവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. താരം 89 പന്തുകളില്‍ നിന്ന് 83 റണ്‍സെടുത്തു. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും വേണ്ടവിധത്തില്‍ തിളങ്ങാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രാജ് ബാവ 5.4 ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു.

Leave a comment