റാങ്കിങ്ങിൽ കുതിച്ച് ഹർമൻപ്രീത്, സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും മുന്നോട്ട്
ഐസിസിയുടെ ഏറ്റവും പുതിയ വനിതാ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഹര്‍മന്‍പ്രീത് അഞ്ചാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹര്‍മന്‍പ്രീത് അഞ്ചാമതെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഹര്മന് തുണയായത്.
ഹര്‍മന്‍പ്രീതിനെക്കൂടാതെ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഏഴാം റാങ്കിലുണ്ടായിരുന്ന സ്മൃതി ഒരുസ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ 40 റണ്‍സെടുത്ത സ്മൃതി രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി കുറിച്ചു.
അതേസമയം ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ തിളങ്ങിയ ദീപ്തി ശര്‍മ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 24-ാം റാങ്കിലെത്തി. മൂന്നാം ഏകദിനത്തില്‍ പുറത്താവാതെ 68 റണ്‍സാണ് താരം നേടിയത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ പുത്തന്‍ താരോദയമായ രേണുക സിങ് 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 35-ാം റാങ്കിലെത്തി.






































