എല്ച്ചേയെ താണ്ടി ബാഴ്സലോണ ; വിജയം എതിരില്ലാത്ത മൂന്നു ഗോളിന്
ശനിയാഴ്ച ലാലിഗയിൽ എൽച്ചെയോട് എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം നേടിയ ബാഴ്സലോണ റയലിനെ പിന്തള്ളി ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.ലെവന്‍ഡോസ്ക്കി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇടത് വിങ്ങില്‍ ആദ്യ ഇലവനില്‍ ഇടം നേടിയ മെംഫിസ് ഡീപെയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ബുസ്ക്കറ്റ്സ്,റഫീഞ്ഞ,ഗാവി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച സാവി കെസ്സി,ഡി യോങ്ങ് എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ ഇടം നല്കി.
ബുസ്ക്കറ്റ്സിന്റെ അഭാവത്തോടെ കളി നിയന്ത്രിക്കാന്‍ ബാഴ്സ മിഡ്ഫീല്‍ഡ് വളരെ അധികം പാടുപ്പെട്ടു.14-ാം മിനിറ്റിൽ ലെവൻഡോവ്സ്കിയെ ഫൗള്‍ ചെയ്തതിനു എൽചെ സെന്റർ ബാക്ക് ഗോൺസാലോ വെർഡുനു റെഡ് കാര്‍ഡ് ലഭിച്ചത് ബാഴ്സ മുന്നേറ്റ നിരയുടെ ജോലി എളുപ്പം ആക്കി.34-ാം മിനിറ്റിൽ ലെവൻഡോവ്സ്കി സ്കോറിങ്ങിനു തുടക്കമിട്ടു, അലെജാൻഡ്രോ ബാൾഡെ നൽകിയ ക്രോസ് വലയിലെത്തിച്ച താരം തുടര്‍ച്ചയായ അഞ്ചാം ലീഗ് മത്സരത്തില്‍ ആണ് ഗോള്‍ നേടിയിരിക്കുന്നത്.നാളത്തെ മത്സരത്തില്‍ റയല്‍ മാഡ്രിഡ് അത്ലറ്റിക്കോക്കെതിരെ പരാജയപ്പെട്ടാല്‍ ബാഴ്സക്ക് അടുത്ത ആഴ്ച്ച വരെ ഒന്നാം സ്ഥാനത് തുടരാം.






































