തോല്‍വി അറിയാത്ത ടോട്ടന്‍ഹാമിന് ഇന്നത്തെ മത്സരത്തില്‍ എതിരാളി നോട്ടിംഗ്ഹാം ഫോറസ്റ്റ്
ഞായറാഴ്ച പ്രീമിയർ ലീഗിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ആതിഥേയരായ ടോട്ടൻഹാം ഹോട്സ്പറിനെ നേരിടാന്‍ ഒരുങ്ങുന്നു.പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച ഫോറസ്റ്റ് ഇതുവരെ തരകേടില്ലാത്ത പ്രകടനം ആണ് നടത്തിയിട്ടുള്ളത്.ഒരു ജയം,തോല്‍വി,സമനില എന്നിങ്ങനെ നേടിയ അവര്‍ ലീഗ് പട്ടികയില്‍ ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്.ടോട്ടന്‍ഹാം ആകട്ടെ ഒരു സമനിലയും രണ്ടു ജയവുമായി നാലാം സ്ഥാനത്തും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് സിറ്റി ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ അന്റോണിയോ കോണ്ടെ ചുമതലയേറ്റ ശേഷം മാൻ സിറ്റിയും ലിവർപൂളും മാത്രമാണ് സ്പർസിനേക്കാൾ കൂടുതൽ പോയിന്റ് പ്രീമിയര്‍ ലീഗില്‍ നേടിയിട്ടുള്ളത്. ടോട്ടന്‍ഹാം ചെല്‍സിക്കെതിരായ മത്സരത്തില്‍ കഷ്ട്ടിച്ചു സമനില നേടി അത് കഴിഞ്ഞുള്ള മത്സരത്തില്‍ വൂള്‍വ്സിനെതിരെ ജയം നേടി എങ്കിലും അവര്‍ കളിച്ച രീതി ഒട്ടും പിച്ചില്‍ ആധിപത്യം പുലര്‍ത്തുന്ന ഒന്നായിരുന്നില്ല.കൂപ്പറിന്റെ കീഴിലുള്ള ഫോറസ്റ്റിന്റെ മികച്ച ഹോം റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ഇന്നത്തെ മത്സരത്തില്‍ ടോട്ടന്‍ഹാം ഒന്ന് കൂടി ഉണര്‍ന്നു കളിക്കേണ്ടത് ഉണ്ട്.പരിക്ക് മൂലം ക്രിസ്റ്റ്യൻ റൊമേറോയുടെ സേവനം ഇല്ലാതെ ആയിരിക്കും ടോട്ടന്‍ഹാം ഇന്ന് കളത്തില്‍ ഇറങ്ങാന്‍ പോകുന്നത്.






































