ഏഷ്യൻ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനമത്സരം ലങ്കയും അഫ്ഗാനും തമ്മിൽ.!
ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഏഷ്യ കപ്പിന് ഇന്ന് കൊടി കയറുകയാണ്. 15 ആമത് എഡിഷനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 2018 നു ശേഷം കോവിഡ് മൂലം ഏഷ്യ കപ്പ് നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ഒരു തവണ പാകിസ്താൻ ആതിഥേയത്വം വഹിക്കാൻ ഇരുന്നപ്പോൾ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ടൂർണമെൻ്റ് മാറ്റിവെച്ചു. ശേഷം ലങ്കയിൽ വെച്ച് നടത്തുവാൻ ഇരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ലങ്കയും പിൻവാങ്ങി. കൂടാതെ 2021 ൽ ടൂർണമെൻ്റ് സംഘടിപ്പിക്കുവാൻ ഇരുന്ന സമയത്ത് ഇന്ത്യയ്ക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കേണ്ടത്തിനാൽ അപ്പോഴും ടൂർണമെൻ്റ് ഒഴിവായി പോയി.. ഒടുവിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് കൊണ്ട് യുഎഇയിൽ വെച്ച് ഇന്ന് ടൂർണമെൻ്റിന് ആരംഭം കുറിക്കുകയാണ്.
ഉദ്ഘാടന മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. 7.30 നാണ് ഈയൊരു മത്സരം ആരംഭിക്കുക. ഇതുവരെയുള്ള എല്ലാ എഡിഷനിലും പങ്കെടുത്ത ഒരേയൊരു ടീം ശ്രീലങ്കയാണ്. ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം ഇന്ത്യയാണ് (7). ടീ20 വേൾഡ് കപ്പ് വരുന്നതിനാൽ ഇത്തവണ ഏഷ്യകപ്പും ടി20 ഫോർമാറ്റിൽ തന്നെയാണ് നടക്കുന്നത്.
നാളെയാണ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മത്സരം. ഇന്ത്യയും പാകിസ്താനും തമ്മിൽ വൈകിട്ട് 7.30 ന് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുക. സെപ്റ്റംബർ 11 നാണ് ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരം നടക്കുക. ദുബായ്, ഷാർജ എന്നിവടങ്ങളിലായാണ് മത്സരങ്ങൾ എല്ലാം നടക്കുന്നത്. ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയപ്പോൾ പാകിസ്താന് ആയിരുന്നു വിജയം. ഇത്തവണ പുതിയ ക്യാപ്റ്റൻസിയിൽ വരുന്ന ഇന്ത്യ പാകിസ്താനെ തകർത്ത് വിടുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ താരങ്ങളെ സംബന്ധിച്ചും ഇതൊരു നിർണായക ഘട്ടമാണ്. കാരണം വരുന്ന ടി20 വേൾഡ് കപ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് കൂടിയാവും ഏഷ്യകപ്പ്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നീ പ്രധാന താരങ്ങൾ പരിക്ക് മൂലം കളിക്കാൻ ഇല്ലാത്തത് ടീമിൻ്റെ ബൗളിംഗിനെ സാരമായി ബാധിക്കാനിടയുണ്ട്. ഇന്ത്യയുടെ മാത്രമല്ല പാകിസ്താൻ്റെ ഷഹീൻ അഫ്രീദി, ശ്രീലങ്കയുടെ ദുഷ്മന്ത ചമീര എന്നിവരും പരിക്കേറ്റ് ടൂർണമെൻ്റിൽ നിന്ന് പുറത്തായവരാണ്.






































