യുഎഇ ഇന്റർനാഷണൽ ലീഗ് ടി20യിൽ കളിക്കാൻ ക്രിസ് ലിന് എൻഒസി നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ
യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യിൽ (ILT20) കളിക്കാൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ് ലിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനായി കരാറിൽ ഒപ്പുവെച്ചതിനു പിന്നാലെയാണ് താരത്തിന് എൻഒസി ക്രിക്കറ്റ് ഓസ്ട്രേലിയ നൽകിയത്.
നേരത്തെ ബിബിഎൽ അല്ലെങ്കിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാർ ഇല്ലാതെ തന്നെ യുഎഇ ലീഗിൽ ഗൾഫ് ജയന്റ്സിനായി ലിൻ കരാറിലേർപ്പെട്ടിരുന്നു. എന്നാൽ എൻഒസി നൽകാതെ കരാറിലേർപ്പെട്ടതിനാൽ പ്രസിസന്ധിയിലായിരുന്നു ഇതുവരെ ക്രിസ് ലിനിന്റെ ഭാവി.
തുടർന്ന് നയമനുസരിച്ച്, ലിൻ എൻഒസി പിന്തുടർന്നുവെന്നും ഓസ്ട്രേലിയൻ സീസൺ നടക്കുമ്പോൾ ഒരു കളിക്കാരന് വിദേശ ലീഗിൽ കളിക്കാനുള്ള അനുമതി നൽകാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി. എന്നാൽ ഇതിന് പരിഹാരമായതോടെ താരം യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യിൽ കളിക്കാനെത്തുമെന്ന് ഉറപ്പായി.
മിക്കവാറും രണ്ട് ലീഗിലും കളിക്കാൻ താരത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ബിബിഎൽ ഡിസംബർ 13 ന് ആരംഭിച്ച് ഫെബ്രുവരി നാലിന് അവസാനിക്കും, ILT20 ജനുവരി 6 നും ഫെബ്രുവരി 12 നും ഇടയിൽ നടക്കും.






































