കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ പ്രഖ്യാപിച്ചു
ടീമിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചതായി പ്രഖ്യാപിച്ച് രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രഞ്ജി ട്രോഫി ടൂർണമെന്റിൽ മധ്യപ്രദേശിനെ കിരീടമണിയിച്ചതിനു ശേഷമാണ് ചന്ദ്രകാന്ത് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരവറിയിക്കുന്നത്.
ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലകനായി സ്ഥാനമേറ്റ മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ബ്രണ്ടൻ മക്കല്ലത്തിന് പിൻഗാമിയായാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് എത്തുന്നത്. ആറ് രഞ്ജി ട്രോഫി കിരീടങ്ങൾ നേടിയ ചന്ദ്രകാന്തിന് ഐപിഎല്ലിലും തിളങ്ങാനാവുമെന്ന പ്രതീക്ഷയോടെയാണ് കെകെആറിന്റെ തലപ്പത്തേക്ക് എത്തുന്നത്.
2021 സീസണിൽ റണ്ണറപ്പായി ഫിനിഷ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയ സീസണിൽ ഏഴാം സ്ഥാനക്കാരായാണ് മടങ്ങിയത്. പുതിയ പരിശീലകനിലൂടെ കൂടുതൽ മികവിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി ഉടമകൾ.






































