ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന് ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന് ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍. 2006-ല്‍ അരങ്ങേറ്റം കുറിച്ച താരം നീണ്ട 16 വര്‍ഷങ്ങള്‍ നീണ്ട കരിയറിനാണ് ഇപ്പോള്‍ അവസാനമിട്ടിരിക്കുന്നത്. 2021-ല്‍ യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി അയര്‍ലന്‍ഡിനായി കളിച്ചത്.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് 38-കാരനായ കെവിന്‍. ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 2007-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ ചരിത്രത്തില്‍ ഇടംപിടിച്ച മത്സരത്തില്‍ പാകിസ്ഥാനെ കീഴടക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ അയര്‍ലന്‍ഡ് ടീമിലും കെവിന്‍ ഒബ്രിയന്റെ സാന്നിധ്യമുണ്ടായിരുന്നു.
അതിനു ശേഷം 2011 ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 328 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്ന് അയര്‍ലന്‍ഡ് ചരിത്രമെഴുതിയ മത്സരത്തില്‍ വെറും 63 പന്തില്‍ നിന്ന് 113 റണ്‍സുമായി വിജയത്തിന് ചുക്കാന്‍ പിടിച്ചതും ഇദ്ദേഹം തന്നെയായിരുന്നു.
152 ഏകദിന മത്സരങ്ങള്‍ കളിച്ച കെവിന്‍ രണ്ട് സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളുമടക്കം 3619 റണ്‍സ് നേടിയിട്ടുണ്ട്. 114 വിക്കറ്റും സ്വന്തമാക്കിയപ്പോൾ 109 ട്വന്റി 20 മത്സരങ്ങള്‍ ഐറിഷ് ടീമിനായി കളിച്ച അദ്ദേഹം ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 1973 റണ്‍സ് നേടി. 58 വിക്കറ്റുകളാണ് ടി20-യിലെ സമ്പാദ്യം. കരിയറില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്.






































