ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത്
ഐസിസി ടി20 റാങ്കിംഗില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ ഒന്നാം റാങ്കിന് വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്‍റെ കുതിപ്പ്. ബാറ്റ്‌സ്മാൻമാരുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി.
ഒന്നാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസമുമായി രണ്ട് റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് സൂര്യകുമാര്‍ യാദവിനുള്ളത്. ബാബറിന് 818 റേറ്റിംഗ് പോയന്‍റും സൂര്യകുമാറിന് 816 റേറ്റിംഗ് പോയന്‍റുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 76 റണ്‍സുമായി ഇന്ത്യയുടെ വിജയശില്‍പിയായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്‍റെ റാങ്കിംഗിലെ കുതിപ്പ്.
ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നതിനാല്‍ ഈ മത്സരങ്ങളില്‍ തിളങ്ങിയാല്‍ സൂര്യകുമാറിന് ബാബറിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനാവും. സൂര്യകുമാര്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാൻമാർ ആരും ആദ്യ പത്തിൽ ഇല്ല. പതിനാലാം സ്ഥാനത്തുള്ള ഇഷാന്‍ കിഷനും പതിനാറാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ആദ്യ ഇരുപതിൽല്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങൾ.






































