സാഞ്ചസിനെ സ്വന്തമാക്കാൻ താത്പര്യം അറിയിച്ച് ലീഗ് വൺ ക്ലബായ ഒളിമ്പിക് മാഴ്സെ
അലെക്സിസ് സാഞ്ചസിനെ സ്വന്തമാക്കാൻ താത്പര്യം അറിയിച്ച് ലീഗ് വൺ ക്ലബായ ഒളിമ്പിക് മാഴ്സെ. 2018 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതു മുതൽ ഫോമില്ലാതെ വലയുന്ന ചിലിയൻ താരത്തിന് നിലവിലെ ക്ലബായ ഇന്റർ മിലാനിലും പതിയെ അവസരങ്ങൾ കുറഞ്ഞുവരികയായിരുന്നു.
ഫ്രഞ്ച് ക്ലബിലേക്കുള്ള ഈ നീക്കത്തിൽ സാഞ്ചസിനും താൽപ്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് ടീം ഇതിനകം സാഞ്ചസുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പോയ സീസണിൽ സാൻസിറോ ക്ലബിനായി ഭേദപ്പെട്ട പ്രകടനമാണ് ചിലിയൻ താരം കാഴ്ച്ചവെച്ചത്.
സീസണിൽ മൊത്തം 14 ഗോളുകൾ നേടാനും അലെക്സിസ് സാഞ്ചസിനായിരുന്നു. എങ്കിലും കൂടുതൽ സമയവും ബഞ്ചിലായിരുന്നു സ്ഥാനവും. സിമോൺ ഇൻസാഗിയുടെ ഇന്റർ മിലാന്റെ ഭാവിയിൽ സാഞ്ചസിന് കാര്യമായ റോൾ ഉണ്ടാവില്ലെന്നും ഉറപ്പാണ്. ആയതിനാൽ തന്റെ സുവർണ കാലഘട്ടം അവസാനിച്ചെങ്കിലും സുപ്രധാന താരങ്ങളിൽ ഒരാളായി കളി അവസാനിപ്പിക്കാൻ തയാറാവുന്ന സാഞ്ചസ് ലീഗ് വൺ ടീമിലേക്ക് ചേക്കേറാനാണ് സാധ്യത.






































