ഫ്രണ്ട്ലിയിൽ ലിവർപൂളിനെ തൂക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
പുതിയ സീസണ് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളായ ലിവർപൂളിനെ തൂക്കിയടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർപ്പൻ പ്രകടനം. എറിക് ടെൻ ഹാഗിന്റെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയപ്പോൾ ക്ലോപ്പിന്റെ ചെമ്പടയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.
പുതിയ പ്രതീക്ഷകളുമായി ശത്രുക്കൾ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ യുർഗൻ ക്ലോപ്പിന്റെ ലിവർപൂളിന് തന്നെയായിരുന്നു മേൽകൈ. പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് മുന്‍പ് ശക്തിദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കാനുമുള്ള ഇരുടീമിന്റെയും അവസരമായിരുന്നു ഇത്. ആദ്യ പകുതിയിൽ ലിവർപൂൾ യുവതാരങ്ങളെ പരീക്ഷിച്ചപ്പോൾ യുണൈറ്റഡ് തങ്ങളുടെ മുൻനിര താരങ്ങളെ തന്നെയാണ് അണിനിരത്തിയത്.
ഇതിന്റെ ഫലമായി 12-ാം മിനിറ്റിൽ ജെയ്ഡൻ സാഞ്ചോയിലൂടെ മാൻഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. പിന്നീട് 30-ാം മിനിറ്റിൽ ഫ്രെഡിന്റെ കിടലൻ ചിപ്പ് ഗോളിലൂടെ ചുവന്ന ചെകുത്തൻമാർ ലീഡ് രണ്ടായി ഉയർത്തി. ആദ്യ പകുതിയിൽ ടെൻ ഹാഗിന്റെ ടീമിന്റെ ആധിപത്യമാണ് കാണാനായത്. അതിന്റെ ഫലമായി 33-ാം മിനിറ്റിൽ ആന്റണി മാർഷ്യാൽ മൂന്നാം ഗോളും കണ്ടെത്തി.
രണ്ടാം പകുതിയിൽ മുൻനിര താരങ്ങളെയെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് വലിച്ച് യുവനിരയെ അണിരത്തിയപ്പോൾ കളിപിടിക്കാനായി ലിവർപൂൾ മുഹമ്മദ് സാലഹ്, ഡാവിർവിൻ ന്യൂനെസ്, വിജിൽ വാൻഡൈക് എന്നീ എല്ലാം മുൻനിര താരങ്ങളെയും മൈതാനത്തിറക്കി. എന്നാൽ പിടിച്ചു നിന്ന യുണൈറ്റഡ് ചെമ്പടയെ വലകുലുക്കാനെ സമ്മതിച്ചില്ല. ചെകുത്താൻമാരുടെ യുവതാരങ്ങളെല്ലാം കളം നിറഞ്ഞ് കിട്ടിയ അവസരത്തിലെല്ലാം പ്രത്യാക്രമണം നടത്തിയപ്പോൾ 76-ാം മിനിറ്റിൽ ഫാകുണ്ടോ പെല്ലിസ്ട്രിയിലൂടെ നാലാം ഗോളും നേടി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.






































