പ്രീമിയർ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും, മത്സര ക്രമം പുറത്ത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2022-2023 സീസണ്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ഓഗസ്റ്റ് അഞ്ച് മുതല്‍ ഏഴുവരെയുള്ള മത്സരക്രമമാണ് പുറത്തുവന്നിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ മിക്കൽ അർട്ടേറ്റയുടെ ആഴ്‌സണല്‍ പാട്രിക് വിയേരയുടെ ക്രിസ്റ്റല്‍ പാലസിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് ആദ്യ മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡാണ് എതിരാളി.
ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാകുന്ന അവസരത്തിലാണ് പ്രീമിയര്‍ ലീഗ് ഫിക്‌സ്ച്ചര്‍ പുറത്തുവിട്ടത്. എർലിംഗ് ഹാലൻഡ്, ഡാർവിൻ ന്യൂനസ് തുടങ്ങിയ വമ്പൻമാർ ഇതിനോടകം തന്നെ പ്രീമിയർ ലീഗിലേക്ക് ചേക്കേറിയിരിക്കുന്നതിനാൽ വരുന്ന സീസണിൽ മത്സരങ്ങൾക്ക് മാറ്റേകുമെന്ന് ഉറപ്പാണ്.
ഓഗസ്റ്റ് ആറിന് ഏഴ് മത്സരങ്ങളും ഏഴിന് രണ്ട് മത്സരങ്ങളും നടക്കും. ഓഗസ്റ്റ് ആറിന് ലിവര്‍പൂള്‍, ലെസ്റ്റര്‍ സിറ്റി, ചെല്‍സി, ആസ്റ്റണ്‍ വില്ല തുടങ്ങിയ വമ്പന്മാര്‍ക്ക് മത്സരമുണ്ട്. ഏറ്റവുമധികം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഓഗസ്റ്റ് ഏഴിന് ആദ്യ മത്സരത്തില്‍ ബ്രൈട്ടണെ നേരിടും.






































