കൊവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം പുറത്ത്
കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ജൂൺ 12-ന് നടക്കുന്ന ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20-യിൽ നിന്നും പുറത്തായി ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരം എയ്ഡൻ മാർക്രം. കൊവിഡ്-19 പോസിറ്റീവ് ആയതിനെ തുടർന്നാണ് താരത്തിന് അടുത്ത മത്സരം നഷ്ടമാവുക. മാർക്രത്തിന്റെ അസാന്നിധ്യത്തിൽ ഓൾറൗണ്ടർ ട്രിസ്റ്റൻ സ്റ്റബ്സിനാവും ദക്ഷിണാഫ്രിക്കക്കായി കളിക്കുക.
കഴിഞ്ഞ നാല് വർഷമായി പ്രോട്ടീസിലെ പ്രധാന കളിക്കാരിൽ ഒരാളാണ് എയ്ഡൻ മാർക്രം. ഐപിഎല്ലിന്റെ 2022 എഡിഷനിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 14 മത്സരങ്ങളിൽ നിന്ന് 381 റൺസ് നേടിയ താരം ഗംഭീര ഫോമിലായിരുന്നു. പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ആത്മവിശ്വാസത്തിലിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മാർക്രത്തിന്റെ അസാന്നിധ്യം തിരിച്ചടിയായേക്കും.
അതേസമയം മറുവശത്ത് പരുക്ക് മൂലം ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും നായകൻ കെഎൽ രാഹുൽ, കുൽദീപ് യാദവ് എന്നിവരെ ബിസിസിഐ ഒഴിവാക്കിയിരുന്നു. പകരം നിലവിലെ വൈസ് ക്യാപ്റ്റനായ റിഷഭ് പന്താണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്.






































