ഓർടിസിന്റെ ഹാട്രിക്കിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ചെന്നൈയിനെ കീഴടക്കി ഗോവൻ പട
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോവ. ഇന്നലെ നടന്ന മുൻ ചാമ്പ്യൻമാരുടെ പോരാട്ടത്തിൽ ചെന്നൈയിന്റേത് സമ്പൂർണ പരാജയമാണ്. കളിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും തൊടുക്കാൻ ടീമിനായില്ല.
തോൽവിയോടെ ചെന്നൈയിൻ എഫ്സിയുടെ സെമി ഫൈനൽ പ്രതീക്ഷകളെല്ലാം അവസാനിച്ചുവെന്നു വേണം പറയാൻ. അതേസമയം സെമി സാധ്യതകളെല്ലാം നേരത്തെ മങ്ങിയ ഗോവയ്ക്ക് ഇത് ആത്മവിശ്വാസം ഏകും. ഹാട്രിക്ക് ഗോളുകളുമായി ജോർജെ ഓർടിസ് മെൻഡോസാണ് ഗോവൻ പടയെ മുന്നിൽ നിന്ന് നയിച്ചത്.
മകാൻ ചോതെയിലൂടെ ആറാം മിനിറ്റിൽ തന്നെ ഗോവ മുന്നിലെത്തി. തുടർന്നായിരുന്നു ജോർജെ ഓർടിസിന്റെ ഹാട്രിക് പൂരം. 20, 41, 53 മിനിറ്റുകളിലാണ് വിദേശ താരത്തിന്റെ കിടിലൻ ഹാട്രിക് പിറന്നത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നാരായൺ ദാസിന്റെ സെൽഫ് ഗോളും ഗോവയ്ക്ക് സമ്മാനമായി ചെന്നൈയിൻ നൽകി. ജയത്തോടെ 18 പോയിന്റുമായി ഗോവ ലീഗിൽ ഒമ്പതാമത് നിൽക്കുകയാണ്. 19 പോയിന്റുമായി ചെന്നൈയിൻ എഫ്സി എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.