സച്ചിൻ; ഒരു ജനതയുടെ ക്രിക്കറ്റ് ആവേശം
ക്രിക്കറ്റിന്റെ ചരിത്രം പ്രമേയമാക്കി ഒരു പ്രബന്ധം തയ്യാറാക്കുകയാണെങ്കിൽ അതിലെ പകുതിയിലേറെയും അദ്ധ്യായങ്ങൾ ആ മുംബൈക്കാരനെപ്പറ്റിയുള്ള വർണനകൾക്കായി മാറ്റിവെയ്ക്കേണ്ടിവരും. ജെന്റിൽമെൻസ് ഗെയിമിനെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോൾത്തന്നെ അയാളുടെ ബാറ്റിൽ നിന്നുമുതിരുന്ന ഒരു സ്ട്രൈറ്റ് ഡ്രൈവോ പാഡിൽ സ്കൂപ്പോ മനസ്സിലോർത്തെടുക്കുന്ന കോടിക്കണക്കിനു വരുന്ന ആരാധകരിൽ അയാൾ ചെലുത്തിയ സ്വാധീനമാകും രചയിതാവിനെ അതിനു പ്രേരിപ്പിക്കുക. അതങ്ങനെയല്ലേ?, “സച്ചിൻ രമേശ് ടെണ്ടുൽക്കറെന്ന” പേരൊഴിവാക്കിക്കൊണ്ട് ക്രിക്കറ്റിന്റെ ചരിത്രമെഴുതി പൂർത്തിയാക്കുവാൻ ആർക്കാണു സാധിക്കുക?. കപിലും ചെകുത്താന്മാരും ചേർന്നു ക്രിക്കറ്റിന്റെ മെക്കയിൽചെന്നു പിടിച്ചെടുത്ത പ്രൂഡൻഷ്യൽ ലോകകിരീടമാണു ക്രിക്കറ്റ് ആവേശത്തിന്റെ വിത്തുകൾ ഇന്ത്യൻ മണ്ണിൽ പാകിമുളപിച്ചതെങ്കിൽ അതൊരു ഭ്രാന്തായി പടർന്നുകയറിയത് സച്ചിനിലൂടെയായിരുന്നു. വഖാർ യൂനിസിന്റെ ബൗൺസർ മുഖത്തു സൃഷ്‌ടിച്ച ചോരപ്പാടുകൾ നൽകിയ വേദനയിൽ അയാൾ മറ്റൊരു തീരുമാനമെടുത്തിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്ത്യയിലെ ക്രിക്കറ്റ് ആസ്വാദനത്തിന്റെ ഭാവി തന്നെ മറ്റൊന്നായേനെയെന്നു പറഞ്ഞാൽ പുതിയ തലമുറയിലെ ക്രിക്കറ്റ് നിരൂപകർ പരിഹസിച്ചുതള്ളിയേക്കാം. പക്ഷെ അതൊരു ഭംഗിവാചകമായിരുന്നില്ല.
അയാൾ നേരിടുന്ന ഓരോ പന്തിനേയും നെഞ്ചിടിപ്പോടെ വരവേറ്റ ഒരു ജനക്കൂട്ടം, അയാളുടെ വീഴ്ചകളെ സ്വന്തം വേദനകളാക്കി കണ്ണീരണിഞ്ഞ ഒരുപറ്റം ആരാധകർ, അയാൾ പിന്നിട്ട ഓരോ നാഴികക്കല്ലും ദേശീയോത്സവങ്ങളാക്കി മാറ്റിയ ഒരു ജനത. അതയാൾക്കു മാത്രം അവകാശപ്പെടാനാവുന്ന പ്രിവിലേജാണ്. ഇന്ത്യയെന്ന രാജ്യം സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന കുറിയ മനുഷ്യന്റെ ബാറ്റിനെ സ്നേഹിച്ച കഥ ക്രിക്കറ്റ് ദർശിച്ച അനശ്വര പ്രണയകാവ്യമായി എക്കാലവും വാഴ്ത്തപ്പെടും. “ആരായിരുന്നു ഇന്ത്യയ്ക്ക് സച്ചിൻ” എന്നൊരു ചോദ്യമെനിക്കുനേരെയുയർന്നാൽ ഞാനതിനെ നേരിടുക ഒരു മറുചോദ്യമുന്നയിച്ചുകൊണ്ടാകും. ഇന്ത്യയിൽ ആ പേര് ഒരുതവണപോലും ഉച്ചരിക്കാത്ത ഒരു നാവെങ്കിലും നിങ്ങൾക്കു കണ്ടെത്താൻ സാധിക്കുമോ?. ഒരിക്കലെങ്കിലും അയാളുടെ പേരുയർന്നുകേൾക്കാത്ത സ്വീകരണമുറികളുള്ള ഒരു വീടുപോലും ഈ നാട്ടിലുണ്ടാകില്ല. ഒരു മടൽക്കീറുകൊണ്ടു ക്രിക്കറ്റിനെ സ്വീകരിച്ച ബാല്യം മുതൽ അയാളെ ഒപ്പം കൂട്ടിയ, ഒരായിരം തിരക്കുകൾക്കും തലവേദനകൾക്കുമിടയിലും എവിടെയെങ്കിലും അയാളുടെ ചിത്രം കാണുമ്പോൾ സർവ്വതും മറന്നു പുഞ്ചിരി തൂകുന്ന കോടിക്കണക്കിനു മുഖങ്ങളുണ്ട് ഇന്ത്യയിൽ. അവരുടെ ഹൃദയങ്ങൾ അയാൾ കവർന്നെടുക്കുകയായിരുന്നു, അവർപോലുമറിയാതെ അയാൾ അവരുടെ വീടുകളിലെ ഒരംഗമായി മാറി. ആ ബാറ്റുമായി ക്രീസിൽ നിന്ന കാലം മുഴുവൻ അവരുടെ മുഖങ്ങളിൽ നിറഞ്ഞ ആവേശവും ആത്മസംതൃപ്തിയുമാണ് അവർക്കയാൾ പകരമായി നൽകിയത്.
ഒരു രാജ്യത്തിന്റെ വികാരവിക്ഷോഭങ്ങളെ മുഴുവൻ തന്റെ ബാറ്റുകൊണ്ടു നിയന്ത്രിച്ചുനിർത്തുവാൻ എന്നും അയാൾക്കു കഴിഞ്ഞിരുന്നു. ആരാധകരെയും എതിരാളികളെയും ഒരുപോലെ അതിശയിപ്പിച്ചിട്ടുള്ള എത്രയോ ഇന്നിങ്‌സുകൾക്കാണ് അയാൾ ജന്മം നൽകിയിട്ടുള്ളത്. ഓൾഡ് ട്രാഫോഡിൽ തുടങ്ങിയ സെഞ്ചുറികളുമായുള്ള സഹയാത്ര, പിന്നീടെപ്പോഴോ അയാളതൊരു ദിനചര്യയാക്കി. ബാറ്റസ്മാന്റെ ചോരകൊണ്ടു കവിതകളെഴുതി ശീലിച്ച പെർത്തിലെ പിച്ചിൽ നെഞ്ചുറപ്പോടെ പൊരുതി നേടിയ സെഞ്ചുറി, ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ തകർന്ന പിച്ചിൽ രണ്ടാമിന്നിങ്സിൽ പാക് പടയ്ക്കെതിരെ ഇന്ത്യൻ പ്രതീക്ഷകളെ ഒറ്റയ്ക്കു മുന്നോട്ടു നയിച്ച പ്രകടനം, ഷാർജയിലെ ഒരിക്കലും മറക്കാനാവാത്ത ഇരട്ടകൊടുങ്കാറ്റുകൾ, അക്രവും, വഖാറും, അക്തറുമടങ്ങിയ പേസ് പടയെ തകർത്തെറിഞ്ഞ ലോകകപ്പ് പ്രകടനം, ഹൈദരാബാദിലെ ഒറ്റയാൾ പോരാട്ടം, നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇരട്ടശതകം പൂർത്തിയാക്കിയ ആദ്യ പുരുഷനായി അയാളെ മാറ്റിയ ഗ്വാളിയോറിലെ ഇന്നിംഗ്സ്.
“രമേശ് ടെണ്ടുൽക്കർ” എന്ന് മറാത്തി കവിയുടെ ഏറ്റവും മികച്ച സൃഷ്ടിയേതെന്ന ചോദ്യത്തിന് ഇന്ത്യക്കാരുടെ മനസിലെ ഒരൊറ്റ മറുപടിയായി അയാളെ മാറ്റിയ ഒരുപിടി റെക്കോർഡുകൾ. അറബിക്കടലിന്റെ റാണിയെ നമുക്കുമുന്നിൽ കൂടുതൽ സുന്ദരിയാക്കിയത് അയാളുടെ ബൌളിംഗ് പ്രകടനങ്ങളായിരുന്നില്ലേ?, ഹീറോ കപ്പ് സെമി ഫൈനലിൽ അയാൾ നടത്തിയ ലാസ്റ്റ് ഓവർ മിറക്കിൾ എങ്ങനെയാണ് ഓർമകളിൽനിന്നും മാഞ്ഞുപോവുക?. ക്രിക്കറ്റിനെ ഏറെ വൈകാരികമായി സമീപിച്ച ഒരു ജനതയെ സച്ചിൻ ഹിപ്നോട്ടൈസ് ചെയ്തിരുന്നുവെന്നുപറഞ്ഞാലും അതൊരതിശയോക്തിയായിരിക്കില്ല. ചില നിർണായക നിമിഷങ്ങളിൽ സച്ചിൻ വരുത്തിയ പിഴവുകൾ കണക്കിലെടുത്താൽ അയാളുടെ സ്ഥാനത്തു മറ്റൊരു കളിക്കാരനായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നു ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ല. കാരണം ഒന്നു മാത്രമാണ്. “ഇന്ത്യക്കാർക്കു ക്രിക്കറ്റിനേക്കാൾ വൈകാരികമായ വാക്കായിരുന്നു സച്ചിനെന്നത് .” കോനൻ ഡോയലിനെക്കാൾ പ്രശസ്തനായ ഷെർലക് ഹോംസിനെപ്പോലെ ഇന്ത്യക്കാർക്കു ക്രിക്കറ്റിനേക്കാൾ പ്രിയപ്പെട്ടതാണു “സച്ചിൻ.” എന്നും അതങ്ങനെതന്നെയായിരിക്കുകയും ചെയ്യും.