ഐഎസ്എൽ: ഇന്ന് ബെംഗളൂരു മുംബൈ പോരാട്ടം
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിയൊന്നാം മൽസരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ് സി ബംഗളൂരു എഫ് സിയെ നേരിടും. രണ്ട് ടീമുകളുടെയും പതിമൂന്നാം മത്സരമാണിന്ന് നടക്കുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം നടക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബംഗളൂരു ഇന്ന് ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താം. നിലവിൽ ഗോവയാണ് പോയിന്റ് നിലയിൽ ഒന്നാമത്. എന്നാൽ അഞ്ചാം സ്ഥാനത്തുള്ള മുംബൈ ജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ആണ് ശ്രമിക്കുക.
അവസാന രണ്ട് മൽസരങ്ങളിലും തൊട്ട് പോയിന്റ് നിലയിൽ അഞ്ചാമതെത്തിയ മുംബൈക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തുടർച്ചയായ മൂന്ന് ജയങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ട് തോൽവിയാണ് മുംബൈ ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ അവർക്ക് ഗോൾ നേടാൻ കഴിയാതെ വരുന്നതാണ് തോൽവിയിലേക്ക് നയിക്കുന്നത്. എന്നാൽ ബംഗളൂരു നിലവിൽ മിൿച ഫോമിലാണ്. തുടർച്ചയായ രണ്ട് ജയങ്ങൾ നേടിയ അവർ മികച്ച ആത്മവിശ്വാസത്തിലാകും ഇന്ന് ഇറങ്ങുക. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവും രണ്ട് തോൽവിയുമാണ് അവർക്കുള്ളത്.12 കളികളിൽ നിന്ന് ബംഗളുരുവിന് 22 പോയിന്റും, മുംബൈക്ക് 16 പോയിന്റുമാണ് ഉള്ളത്.






































