പദ്ധതികൾ പുനഃപരിശോധിക്കാൻ ടീം ഇന്ത്യ
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്കു പിണഞ്ഞ പരാജയത്തേക്കാൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വിഷമം അതു സംഭവിച്ച രീതിയിൽ ആയിരിക്കും എന്നതിൽ സംശയമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും പൂർണമായും പരാജയം സമ്മതിച്ച ടീം ഓസീസ് പടയ്ക്കുമുന്നിൽ കീഴടങ്ങുകയായിരുന്നു.
ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങളിൽ പ്രധാനമായും ആരാധകരും വിദഗ്ധരും ചൂണ്ടികാണിക്കുന്നത് ബാറ്റിങ് ഓർഡറിലെ പാളിച്ചകളും അഞ്ചു ബൗളർ തന്ത്രവുമാണ്.
കഴിഞ്ഞ കുറച്ചു പരമ്പരകളായി ടീമിനു ഗുണകരമായിരുന്നു ശിഖർ ധവാൻ, ലോകേഷ് രാഹുൽ, രോഹിത് ശർമ എന്നിവരുടെ ഫോം. ധവാനു പരിക്കു സംഭവിച്ചപ്പോഴും രോഹിതിനു വിശ്രമം അനുവദിച്ചപ്പോഴും ഇന്ത്യൻ ഓപ്പണിങിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ ഇതുകൊണ്ട് സാധിച്ചിരുന്നു. പക്ഷേ മൂവരെയും ടീമിൽ ഉൾക്കൊള്ളിക്കാനായി തന്റെ പതിവു സ്ഥാനമായ മൂന്നാം നമ്പരിൽ നിന്നും നായകൻ വിരാട് കോഹ്ലി താഴേക്കിറങ്ങിയത് ഇന്ത്യൻ ബാറ്റിങ്ങിനെ സാരമായി ബാധിച്ചു. ഇതോടെ കഴിഞ്ഞ മത്സരങ്ങളിൽ നാലാം നമ്പരിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ശ്രേയസ് അയ്യരും തന്റെ പതിവുപൊസിഷൻ വിട്ടിറങ്ങേണ്ടി വന്നതോടെ ബാറ്റിങ്ങിൽ പരാജയമായി. ഇതോടെ അടുത്ത മത്സരത്തിൽ കോഹ്ലി വീണ്ടും മൂന്നാമത്തിറങ്ങണം എന്ന ആവശ്യം ശക്തമാവുകയാണ്.
ബാറ്റിങ്ങിനെക്കാൾ ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിൽ തിരിച്ചടിയായത് ബൌളിംഗ് ഡിപ്പാർട്മെന്റ് ആയിരുന്നു. പരിക്കുമാറി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഫോമിലേക്കുയരാതിരുന്നതോടെ ഇന്ത്യൻ ബൗളിങ്ങിന്റെ താളം തെറ്റി. പേസ് ബൗളർമാരെല്ലാം ആറിനു മുകളിൽ ശരാശരിയിൽ റണ്ണുകൾ വഴങ്ങിയെന്നു മാത്രമല്ല നാൽപതോളം ഓവറുകൾ എറിഞ്ഞിട്ടും ഒരു ഓസീസ് വിക്കറ്റ് പോലും വീഴ്ത്താൻ ഒരു ഇന്ത്യൻ ബൗളറിനുപോലും സാധിച്ചില്ല. അടുത്തിടെ ഇത്രയധികം മോശം പ്രകടനം ഇന്ത്യൻ ബൌളിംഗ് നിര കാഴ്ചവെച്ചിട്ടില്ല. ഒരു പാർട്ട് ടൈം ബൗളറെ പോലും ഉൾപെടുത്താതിരുന്ന ഇന്ത്യയുടെ ബൌളിംഗ് സെലക്ഷനും അതുപോലെ വിമർശനം അർഹിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ഋഷഭ് പന്തിനു പരിക്കേറ്റതോടെ പകരം ലോകേഷ് രാഹുലിനെ വിക്കെറ്റ് ചുമതല ഏല്പിച്ചു ഒരു പാർട്ട് ടൈം ബൗളറെക്കൂടി ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തിയായിരിക്കുന്നു.
അടുത്ത മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. അതിനാൽ തന്നെ തീർച്ചയായും മാറ്റങ്ങളുമായാകും കോഹ്ലിയും സംഘവും അടുത്ത മത്സരത്തിൽ കളത്തിലിറങ്ങുക.






































