എടികെയെ ആറാം തവണയും മലർത്തിയടിച്ച് ബ്ലാസ്റ്റേഴ്സ്
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന ഐടികെ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം ജയിച്ചത്. ഈ സീസണിലെ രണ്ടാം ഏറ്റുമുട്ടലിൽ ബ്ലാസ്റ്റേഴ്സിനെ തകർക്കാനിറങ്ങിയ എടികെക്ക് ബ്ലാസ്‌റ്റേഴ്‌സിനെ ഒരു ഘട്ടത്തിലും പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു ഗ്രൗണ്ടിൽ കൂടുതൽ ആധിപത്യം കാഴ്ചവെച്ചത് . ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ നേടിയ ജയത്തിനു ശേഷം 9 മത്സരങ്ങൾക്കപ്പുറമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ഈ സീസണിലെ തുടർച്ചയായ രണ്ടാം ജയമാണിത്.
ഈ സീസണിൽ എടികെ എഫ്‌സി സ്വന്തം മണ്ണിൽ തോൽവിയറിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിൽ ആതിഥേയർ കൂടുതൽ തീവ്രതയോടെ കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയാണ് കളിയിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോൾ പിറന്നത്. ആദ്യപകുതിയിൽ സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ താരതമ്യേന കുറവായിരുന്നു. ഹാലിചരൻ നർസാരിയാണ് കേരളത്തിന് വേണ്ടി വിജയ ഗോൾ നേടിയത്. . 70-ാം മിനിറ്റിൽ ഹാലിചരൻ നർസാരിയുടെ അത്യുഗ്രൻ ഗോളിൽ കേരളാബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ മുൻപിലെത്തി. ഗോളിന് 10 മിനിറ്റിനുശേഷം റോയ് കൃഷ്ണയുടെ ഗോളിനായുള്ള ശ്രമം ടിപി റെഹനേഷ് തടഞ്ഞു. പിന്നീട് എടികെ ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജയത്തോടെ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി. എടികെ 21പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.






































