Editorial Foot Ball legends Top News

മെസ്സിയും റോണോയും അടക്കിവാണ പതിറ്റാണ്ട്

January 10, 2020

author:

മെസ്സിയും റോണോയും അടക്കിവാണ പതിറ്റാണ്ട്

ഫുട്ബോളിൽ കഴിഞ്ഞ ദശാബ്ദം ആരുടേതായിരുന്നു എന്ന ചോദ്യത്തിനുള്ള ഭൂരിഭാഗം കളിപ്രേമികളുടെയും ഉത്തരം രണ്ടു പേരുകളിൽ ഒന്നായിരിക്കും. കാരണം ലയണൽ മെസ്സി എന്ന അർജന്റീനക്കാരനും ക്രിസ്ത്യാനോ റൊണാൾഡോ എന്ന് പോർച്ചുഗീസുകാരനും അക്ഷരാർത്ഥത്തിൽ ഫുട്ബോൾ ലോകം ഭരിക്കുകയായിരുന്നു. അത്രയേറെയാണ് കഴിഞ്ഞ ദശകത്തിൽ ഇരു താരങ്ങളും ഫുട്ബോൾലോകത്തു സൃഷ്‌ടിച്ച പ്രതിഫലനം.

ഒരിക്കലും ഉത്തരം ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള ഒരു യാത്രയായിരുന്നു ഫുട്ബോൾ പ്രേമികൾക്ക് കഴിഞ്ഞു പോയ ദശാബ്ദം. ആരാണ് കൂടുതൽ മികച്ചവൻ?. മെസ്സിയോ റൊണാൾഡോയോ?. അതിനായി അവർ പല കണക്കുകളും വിശകലനം ചെയ്തു. അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് തലത്തിലും അവർ നേടിയ കിരീടങ്ങൾ താരതമ്യം ചെയ്തു. പക്ഷേ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ആരാണ് തമ്മിൽ മികച്ചവൻ?

സാക്ഷാൽ അലക്സ്‌ ഫെർഗൂസന്റെ കൈപിടിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡിൽ പന്തു തട്ടാൻ തുടങ്ങിയ കാലം മുതൽക്കേ റൊണാൾഡോ ഫുട്ബോളിലെ ഭാവി വാഗ്ദാനമായി കരുതപ്പെട്ടുതുടങ്ങിയിരുന്നു. പക്ഷേ കാൽപന്തുകളിയുടെ സിംഹാസനം കയ്യാളാനുള്ള യുദ്ധം അയാൾ ആരംഭിച്ചത് പോയ ദശാബ്ദത്തിന്റെ തുടക്കം മുതലായിരുന്നു. കൃത്യമായി പറഞ്ഞാൽ റയൽ മാഡ്രിഡിന്റെ താരമായി അയാൾ സാന്റിയാഗോ ബെർണാബ്യുവിൽ കാലുകുത്തിയ കാലം മുതൽക്കേ. കാരണം അയാൾക്കു തുല്യനായ എതിരാളി അതേ സ്പാനിഷ് ലീഗിലായിരുന്നു പന്തു തട്ടിയിരുന്നത്‌. ലോകഫുട്ബോളിന്റെ സിംഹാസനത്തിനായി ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ മികവിന്റെ പോരു തുടങ്ങിയ നാളുകൾ.

മത്സരങ്ങൾ പലതുകഴിഞ്ഞു, എൽ ക്ലാസിക്കോകൾ പലതും അവരുടെ വ്യക്തിഗതമികവിന്റെ പോരാട്ടങ്ങൾ മാത്രമായി ചുരുങ്ങി. ലോകം മുഴുവൻ ആ പോരാട്ടങ്ങളിലെ വിജയിയെ കണ്ടെത്താൻ പരിശ്രമിച്ചു. പക്ഷേ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. ഇത്രയേറെ മികച്ച രണ്ടു താരങ്ങൾ തമ്മിലുള്ള മത്സരം കാണാൻ സാധിച്ച നമ്മൾ എത്രയോ ഭാഗ്യവാന്മാരാണെന്ന് ആരാധകലോകം ഊറ്റം കൊണ്ടു.

കാലം കടന്നുപോയികൊണ്ടിരുന്നു. ദശകത്തിന്റെ അവസാനപാദത്തിൽ പക്ഷേ വീണ്ടും മാറ്റങ്ങൾ സംഭവിച്ചു. സ്പെയിനിനോടു യാത്രപറഞ്ഞ റൊണാൾഡോ ഇറ്റാലിയൻ ലീഗിലെത്തി. മെസ്സിയാകട്ടെ ബാഴ്സലോണയോടൊപ്പം തന്റെ യാത്ര തുടരുന്നു. ഒന്നാമനാരെന്ന ചോദ്യത്തിന് ആരാധകരുടെ കയ്യിൽ വ്യത്യസ്ത മറുപടികളുണ്ടാകാം. പക്ഷേ ഫുട്ബോളിനെ സ്നേഹിക്കുന്നവർ തീർച്ചയായും ഈ രണ്ടുപേരുകളും ഓർക്കും. ആയിരത്തിലേറെ ഗോളുകൾ, നാൽപത്തിമൂന്നു ക്ലബ്ബ് കിരീടങ്ങൾ, അൻപതു വ്യക്തിഗത പുരസ്‌കാരങ്ങൾ ഇവരുടെ മേൽക്കോയ്മയ്ക്കു തെളിവായി വേറെന്തു വേണം?.

Leave a comment