സാദ്ധ്യതകൾ ആരായുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെയധികം പ്രതീക്ഷയോടെയാണ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് തുടക്കം കുറിച്ചത്. അതിശക്തരായ എ. ടി. കെയെ ആദ്യമത്സരത്തിൽ 2-1 എന്ന് സ്കോറിനു പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് പക്ഷേ പിന്നീടുള്ള മത്സരങ്ങളിൽ തീർത്തും നിറം മങ്ങി. മൂന്നു പ്രമുഖ താരങ്ങൾക്ക് ആദ്യ മത്സരത്തിൽ തന്നെ സംഭവിച്ച പരിക്കും അവരുടെ പദ്ധതികൾക്കു വിഘാതം സൃഷ്ടിച്ചെന്നു പറയാം.
പിന്നീടങ്ങോട്ടു ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വളരെയധികം മോശമായികൊണ്ടേയിരുന്നു.
വിജയിക്കാവുന്ന മത്സരങ്ങൾ പോലും ടീം കൈവിട്ടു കളയുന്ന കാഴ്ചയാണ് നാം കണ്ടത്. സീസണിൽ ലീഗിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനോടും മോശം ഫോമിലുള്ള ചെന്നൈയിൻ എഫ്. സിയോടും പരാജയം രുചിച്ചപ്പോൾ പത്തു പേരായി ചുരുങ്ങിയ എഫ്. സി ഗോവയോടു സ്വന്തം മൈതാനത്തിൽ സമനില പിടിക്കേണ്ടി വന്നു. മാത്രമല്ല മറ്റു പല മത്സരങ്ങളിലും വിജയം ഉറപ്പിച്ചിരുന്നിടത്തുനിന്നും സമനിലയൊ തോൽവിയോ വഴങ്ങേണ്ടി വന്നു.
പക്ഷേ പുതുവർഷം ബ്ലാസ്റ്റേഴ്സിന് ശുഭ വാർത്തയാണ് കൊണ്ടുവന്നത്. പുതിയ വർഷത്തിലെ ആദ്യമൽസരത്തിൽ തന്നെ ഹൈദരാബാദ് എഫ്‌സിയെ 5-1 എന്ന സ്കോറിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തകർത്തത്. സീസണിലെ ഏറ്റവും മോശമായി കളിക്കുന്ന ടീമിനെതിരെയെങ്കിലും ഈ വിജയം തീർച്ചയായും ബ്ലാസ്റ്റേഴ്സിന് ഊർജം പകരുമെന്നുതന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
വിജയവഴിയിലേക്കു തിരിച്ചു വന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളെ പറ്റി ആരാധകർ വീണ്ടും ചർച്ച തുടങ്ങിക്കഴിഞ്ഞു. പക്ഷേ ഒരു വിജയം കൊണ്ടു പരിഹരിക്കാവുന്ന മുറിവുകളല്ല പോയവർഷം ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വിജയത്തോടെ പതിനൊന്നു കളികളിൽ നിന്നും അത്രതന്നെ പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് കേരളത്തിന്റെ കൊമ്പന്മാർ.
നിലവിലെ പ്രകടനം വെച്ചു പരിശോധിച്ചാൽ സെമി ഫൈനലിൽ പ്രവേശിക്കാനുള്ള കേരളത്തിന്റെ സാധ്യതകൾ ഇപ്പോഴും വിരളമാണെന്നു പറയാതെ വയ്യ. എഫ്. സി ഗോവ, എ. ടി. കെ, ബെംഗളൂരു എഫ്. സി എന്നീ ക്ലബ്ബുകൾ ലീഗിൽ തുടരുന്ന ഫോം തന്നെയാണ് അതിനുള്ള പ്രധാന കാരണം. മറ്റു ടീമുകൾ ശരാശരി പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെങ്കിലും തുടർച്ചയായി വിജയങ്ങൾ നേടിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പോയൻറ് പട്ടികയിൽ കൃത്യമായ മുന്നേറ്റം നടത്താൻ സാധിക്കൂ. മാത്രമല്ല. ബ്ലാസ്റ്റേഴ്‌സിന് ലീഗിൽ ബാക്കിയുള്ള മത്സരങ്ങളിൽ മൂന്നെണ്ണം മേല്പറഞ്ഞ ടീമുകളുമായാണ് എന്നതും അവരുടെ സെമി പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു.
ലീഗിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന് സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. പക്ഷേ അതൊരിക്കലും അനായാസമായ വഴികളിലൂടെയല്ലെന്നു മാത്രം. ഒന്നും നഷ്ടമാകാനില്ലെന്ന യാഥാർഥ്യം കൈമുതലാക്കി ബ്ലാസ്റ്റേഴ്‌സ് ആഞ്ഞടിച്ചാൽ അദ്‌ഭുതങ്ങൾ സംഭവിച്ചേക്കാം.






































