സ്ലാട്ടന് ഇബ്രാഹിമോവിച്ച് മുന്‍ ക്ലബ്ബായ എസി മിലാനില്‍ തിരിച്ചെത്തി
ഈ വര്‍ഷം ഒടുവില്‍ ഗാലക്സിയുമായുള്ള കരാര്‍ അവസാനിച്ചതോടെ സൂപ്പർ താരം ഇബ്രാഹിമോവിച്ച് മുന്‍ ക്ലബ്ബായ എസി മിലാനില്‍ മടങ്ങിയെത്തി. ടീമിനെ ഇറ്റാലിയന്‍ സീരി എ യില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്ത താരം ടീമിൽ തിരിച്ചെത്തുന്നതോടെ ടീം വളരെ ശക്തമാകും. 2010 നും 2012 നും ഇടയിൽ മിലാന് വേണ്ടി ഇബ്രാഹിമോവിച്ച് 85 മത്സരങ്ങളിൽ നിന്ന് 56 ഗോളുകൾ നേടിയിട്ടുണ്ട്.
നിലവിൽ ഇറ്റാലിയന്‍ സീരി എയില്‍ മോശം പ്രകടനം തുടരുന്ന മിലാനെ സ്ലാട്ടന് കരകയറ്റാനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. “ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു ക്ലബിലേക്കും ഞാൻ ഇഷ്ടപ്പെടുന്ന മിലാൻ നഗരത്തിലേക്കും മടങ്ങുകയാണ്. ഈ സീസണിന്റെ ഗതി മാറ്റാൻ ഞാൻ എന്റെ ടീമംഗങ്ങളുമായി ഒരുമിച്ച് പോരാടും. അത് സാധ്യമാക്കാൻ ഞാൻ എല്ലാം ചെയ്യും.” ഇബ്രാഹിമോവിച്ച് ഒരു പ്രസ്താവനയിൽ പറഞ്ഞു.






































