സൂര്യകുമാര്‍ യാദവിന്റെ തകർപ്പൻ ബാറ്റിങ്ങിൽ കര്‍ണാടകയ്ക്കെതിരെ മുംബൈക്ക് ജയം
സൂറത്ത്: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ കർണാടകയെ മുംബൈ തോൽപ്പിച്ചു. ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് മുംബൈ നേടിയത്. നായകൻ സൂര്യകുമാർ യാദവ് നടത്തിയ തകർപ്പൻ ബാറ്റിങ്ങ് മികവിലാണ് മുംബൈ ഒരു ഓവർ ബാക്കി നിൽക്കെ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കർണാടക 172 റൺസിന്റെ വിജയലക്ഷ്യമാണ് മുംബൈക്ക് നൽകിയത്. ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായ മുംബൈ സൂര്യകുമാറിൻറെ ബാറ്റിങ്ങ് മികവിൽ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കർണാടകയ്ക്ക് വേണ്ടി ദേവദത്ത് പടിക്കല്‍(57), രോഹന് കദം (71) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് നിശ്ചിത 20 ഓവറിൽ 171 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ യുവതാരം പൃഥ്വി ഷാ (30), ആദിത്യ താരെ (12) എന്നിവർ പെട്ടെന്ന് പുറത്തായതോടെ സമ്മർദ്ദത്തിൽ ആയ മുംബൈയെ ക്യാപ്റ്റൻ രക്ഷിക്കുകയായിരുന്നു. സൂര്യ കുമാർ യാദവ് 53 പന്തില്‍ 11 ഫോറും നാലു സിക്സും അടക്കം 94 റണ്‍സ് ആണ് നേടിയത്.






































