Cricket Top News

ഗില്ലിക്ക് ഇന്ന് നാൽപ്പത്തിയെട്ടാം ജന്മദിനം

November 14, 2019

author:

ഗില്ലിക്ക് ഇന്ന് നാൽപ്പത്തിയെട്ടാം ജന്മദിനം

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനും,ഒസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പറുമായ ആദം ഗിൽക്രിസ്റ്റിന് ഇന്ന് നാൽപ്പത്തിയെട്ടാം ജന്മദിനം.1971 നവംബർ 14ന് ആണ് ഗില്ലി എന്ന് വിളിപ്പേരുള്ള ആക്രമണോത്സുക ബാറ്റ്സ്മാൻ ജനിച്ചത്. ക്രിക്കറ്റ് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻമാരിലൊരാളായിട്ടാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ആക്രമണകാരിയായ ഇടങ്കയ്യൻ ബാറ്റ്സ്മാൻ ആണ് ഗിൽക്രിസ്റ്. ഇദ്ദേഹത്തിന്റെ ചെല്ലപ്പേര്‌ ഗില്ലി അല്ലെങ്കിൽ ചർച്ച് എന്നൊക്കെയാണ്‌. ഏകദിന ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ഏറ്റവും കൂടുതൽ പുറത്താക്കിയ ലോക റെക്കോർഡ് ഗിൽക്രിസ്റ്റ് സ്വന്തമാക്കി. 2015 ൽ കുമാർ സംഗക്കാര ഇത് മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ ആസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ഗിൽക്രിസ്റ്റിന്റെ പേരിലാണ്. ഏകദിനത്തിലും ടെസ്റ്റിലും പ്രഹരശേഷി ഏറ്റവും കൂടിയ ബാറ്റ്സ്മാന്മാരിലൊരാളാണ് ഗിൽക്രിസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചത് ഇദ്ദേഹമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 100 ​​സിക്സറുകൾ അടിച്ച ആദ്യ കളിക്കാരനായിരുന്നു അദ്ദേഹം


അടുപ്പിച്ചുള്ള മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിൽ (1999, 2003, 2007) 50 ഓ അതിൽ കൂടുതലോ റണ്ണുകൾ നേടിയിട്ടുള്ള ഏക വ്യക്തി , അതുപോലെത്തന്നെ മൂന്ന് ഏകദിന ലോകകപ്പുകൾ നേടുമ്പോൾ കളിച്ചിട്ടുള്ള മൂന്ന് കളിക്കാരിൽ ഒരാളും ഗിൽക്രിസ്റ്റ് ആണ്. പുറത്തായി എന്ന് സ്വയം ഉറപ്പായാൽ അമ്പയറുടെ തീരുമാനത്തിനു കാത്തു നിൽക്കാതെ തിരിച്ച് പവലിയനിലേക്ക് മടങ്ങുന്നതിനാൽ പ്രശസ്തനാണ് ഗിൽക്രിസ്റ്റ്. അതിനാൽ ഇദ്ദേഹത്തിന് ആരാധകർ ഏറെയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1992 ലും ഏകദിനത്തിൽ 1996 ലും ടെസ്റ്റിൽ 1999 ലും അരങ്ങേറ്റം കുറിച്ചു. ആസ്ട്രേലിയക്കു വേണ്ടി 96 ടെസ്റ്റും 270 അന്താരാഷ്ട്ര ഏകദിനമത്സരങ്ങളും കളിച്ചിട്ടുണ്ട്. ആസ്ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. സ്റ്റീവ് വോയുടേയും റിക്കി പോണ്ടിങ്ങിന്റേയും അഭാവത്തിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. ഇദ്ദേഹം 26 ജനുവരി 2008 ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Leave a comment