ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പ്: ഉദ്ഘാടന മത്സരത്തിൽ പാന്തേഴ്സിനെതിരെ ലയൺസിന് ജയം
ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഹീറോ അണ്ടർ 17 വിമൻസ് ചാമ്പ്യൻഷിപ്പ് 2019ന് ഇന്ന് പശ്ചിമ ബംഗാളിലെ കല്യാണിയിൽ തുടക്കമായി. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ പാന്തേഴ്സിനെ ലയൺസ് തോൽപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലയൺസ് വിജയിച്ചത്. അണ്ടര്‍ 17 വനിതാ ലോകകപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ ടൂർണമെൻറ് നടത്തുന്നത്.
ലിന്‍ഡയും, മലയാളി താരം പ്രിയങ്കയുമാണ് ലയൺസിന് വേണ്ടി ഗോളുകൾ നേടിയത്. ഒരു ഗോൾ സെല്ഫ് ആയിരുന്നു. മത്സരത്തിൽ ലയൺസിൻറെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. അലക്സ് ആംബ്രോസ് ആണ് ലയൺസിൻറെ ഹെഡ് കോച്ച്.പതിനേഴാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് ലയൺസിന് ഗോൾ ലഭിച്ചത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ ലിൻഡയിലൂടെയാണ് രണ്ടാം ഗോൾ പിറന്നത്. 2-0 എന്ന സ്‌കോറിൽ രണ്ടാം പകുതി ആരംഭിച്ച മത്സരത്തിൽ എഴുപത്തി മൂന്നാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്.






































