ഫിഫ ലോകകപ്പ് യോഗ്യത: എവെ മത്സരങ്ങൾക്കായി ഇന്ത്യൻ താരങ്ങൾ യാത്ര തിരിച്ചു
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ നാലും, അഞ്ചും മത്സരങ്ങൾക്കായി ടീം യാത്ര തിരിച്ചു. ഇന്ത്യയുടെ എവെ മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. അഫ്ഗാനിസ്ഥാനും ഒമാനുമെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. നവംബർ 14നും, 19നും ആണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. പതിനാലിന് അഫ്ഗാനിസ്ഥാനെയും, 19ന് ഒമാനേയും നേരിടും. ഇതുവരെ ഇന്ത്യക്ക് യോഗ്യത മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല.ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ ഒതുക്കി, മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനോടും സമനില വഴങ്ങി.
താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്, അതിന് ശേഷം ഒമാനെ മസ്കറ്റിലാണ് നേരിടുന്നത്. 26 പേരടങ്ങുന്നടീമുമായിട്ടാണ് ഇന്ത്യ യാത്ര തിരിച്ചത്. അനസ് എടത്തൊടിക, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരൂണിയന്‍ എന്നീ മലയാളികളാണ് ടീമിൽ ഉണ്ട്. 26 അംഗ സ്ക്വാഡിന് ദുബായിൽ ആണ് ആദ്യ താമസം,അവിടുന്ന് അടുത്ത ദിവസം ദുഷാൻബെയിലേക്ക് പറക്കുന്നതിന് മുമ്പ് പരിശീലന സെഷനും ഉണ്ടായിരിക്കും.






































