സന്തോഷ് ട്രോഫി യോഗ്യത: തമിഴ്നാടിനെ ഗോൾമഴയിൽ മുക്കി കേരളം ഫൈനലിൽ പ്രവേശിച്ചു
സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മൽസരത്തിൽ ഇന്ന് തമിഴ്നാടിനെ തോൽപ്പിച്ച് കേരളം സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് കേരളം തമിഴ്നാടിനെ തോൽപ്പിച്ചത്. വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഏകപക്ഷീയമായ മത്സരമാണ് ഇന്ന് നടന്നത്. കളിയുടെ മുഴുവൻ സമയവും പന്ത് കേരളത്തിൻറെ കയ്യിൽ ആയിരുന്നു. ആന്ധ്രക്കെതിരെ കളിച്ച പോലെ ആക്രമണം അഴിച്ചുവിടുകയായിരുന്നു കേരളം. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ കേരളം ഇഞ്ചുറി ടൈമിൽ ആണ് രണ്ട് ഗോളുകൾ നേടിയത്.
24,33,45,83,92,94 എന്നീ മിനിറ്റുകളിലായിരുന്നു കേരളത്തിൻറെ ഗോൾ. ആദ്യ ഗോൾ നേടിയത് വിഷ്ണു ആയിരുന്നു. മൽസരത്തിൽ ജിഷ്ണു രണ്ട് ഗോളുകൾ നേടി. ആദ്യ പകുതിയിൽ ആക്രമിച്ച് കളിച്ച കേരളത്തിന് രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടാൻ 83 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.കഴിഞ്ഞ വർഷത്തെ മോശം പ്രകടത്തിന് ശേഷം ഈ വർഷം തകർപ്പൻ പ്രകടനമാണ് കേരളം നടത്തിയത്.






































