Cricket Editorial legends Top News

ഒരു സച്ചിൻ ആരാധകന്റെ ഡയറിക്കുറിപ്പ്

November 4, 2019

author:

ഒരു സച്ചിൻ ആരാധകന്റെ ഡയറിക്കുറിപ്പ്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കുപ്പായത്തിന് ഏറ്റവുമധികം മനോഹാരിത തോന്നിയിട്ടുള്ളതെപ്പോഴാണ്?.

എന്റെ പക്കൽ അതിനൊരുത്തരമേയുള്ളൂ, അഞ്ചരയടി നീളമുള്ളൊരു കുറിയ മനുഷ്യൻ അതണിഞ്ഞു ഗ്രൗണ്ടിൽ നിന്നപ്പോൾ, അയാളുടെ ബാറ്റിൽ നിന്നും തെറിച്ച പന്തുകൾക്കൊപ്പം പ്രേക്ഷകരുടെ ചിന്തകൾ പലകുറി മൈതാനത്തിന്റെ അതിർവരമ്പുകളിലേക്ക യാത്ര നടത്തിയപ്പോൾ, വേദിയിൽ നിൽക്കുന്ന ജാലവിദ്യക്കാരന്റെ കരചലനങ്ങൾക്കൊത്തു കണ്ണു ചലിപ്പിച്ച ഒരു കൊച്ചു കുട്ടിയുടെ അവസ്ഥയിൽ ഞാനടങ്ങുന്ന ആരാധകർ അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ മതിമറന്നിരുന്നപ്പോൾ !!.

” A leader is a dealer in hope “.

ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ഈ വാക്കുകൾ ഏറ്റവും അർത്ഥവത്താക്കിയിട്ടുള്ളത് സച്ചിൻ രമേശ്‌ ടെൻഡുൽകർ എന്ന മുംബൈക്കാരനാകാം. കാരണം അയാൾ ക്രീസിൽ നിൽകുമ്പോൾ ഒരിക്കലും നൂറുകോടി വരുന്ന ഇന്ത്യൻ ജനത വിജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. ആദ്യ ടൂർണമെന്റിൽ വഖാർ യൂനിസിന്റെ ബൗൺസറിൽ പരിക്കേറ്റു രക്തം ചിന്തിയതു മുതൽ അവസാന മത്സരത്തിൽ ഡാരൻ സമിയുടെ കൈകളിൽ ഇന്നിംഗ്സ് അവസാനിപ്പിക്കുന്നതു വരെ അയാൾ ഇന്ത്യൻ പ്രതീക്ഷകൾ ചുമലിലേറ്റി. അയാളുടെ ഓരോ പരാജയങ്ങളിലും ഇന്ത്യ മുഴുവൻ ഒരുമിച്ചു കൂടെ നിന്നു. ഓരോ തവണയും ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ കൂടുതൽ ഉയരങ്ങളിലേക്കു പറന്ന അയാൾ തന്റെ ആരാധകർക്കായി കൂടുതൽ മധുരമുള്ള വിജയങ്ങൾ കൊണ്ടുവന്നു.

“സച്ചിൻ ടെണ്ടുൽകർ”…
രോമാഞ്ചത്തോടെയല്ലാതെ ഈ പേര് നിങ്ങൾക്ക് ഉച്ഛരിക്കാൻ സാധിക്കുമോ?. ലോക ക്രിക്കറ്റിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന പേരാണത്. ഒരു ദേശത്തെ മാത്രമല്ല ലോകത്തെ മുഴുവൻ തനിക്കു പിറകേ സഞ്ചരിപ്പിക്കാൻ പ്രേരിപ്പിച്ച പ്രതിഭ. ഒരു സ്‌ട്രൈട് ഡ്രൈവ് കളിക്കുന്ന ലാഘവത്തോടെ അയാൾ നമ്മുടെ മനസുകൾ കീഴടക്കിയെന്നു പറഞ്ഞാൽ ഒട്ടും തന്നെ അതിശയോക്തിയാകില്ല. എന്താണയാളുടെ പ്രത്യേകത?. അഭിമാനത്തോടെ തന്നെ തോൽവി സമ്മതിക്കുന്നു, കാരണം എനിക്കറിയില്ല. ക്രിക്കറ്റ്‌ ഒരു ഗെയിം മാത്രമാണെന്നും അതിൽ ജയ പരാജയങ്ങൾ സാധാരണമാണെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ വിക്കെറ്റ് നഷ്ടമാക്കി പവലിയനിലേക്കു നടക്കുന്ന ആ മനുഷ്യന്റെ മുഖത്തെ നിരാശ ഞാൻ സ്വയം എന്നിലേക്കും എടുത്തണിയുന്നു. ഒരു ക്രിക്കറ്റ്‌ നിരീക്ഷകൻ ആണെന്നതിലും അഭിമാനത്തോടെ ഒരു സച്ചിൻ ആരാധകൻ ആണെന്നു പറയുമ്പോൾ എന്റെ മനസ്സ് കൂടുതൽ ആവേശം കൊള്ളുന്നു. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എങ്ങനെയാണ് അയാൾക്കിതു സാധിക്കുന്നത്?, ഒരു പക്ഷേ പ്രേക്ഷക മനസ്സുകളെ കീഴടക്കാനുള്ള ജാലവിദ്യ അയാൾ സ്വായത്തമാക്കിയിട്ടുണ്ടോ?.

തന്റെ ജ്യേഷ്ഠന്റെ സൈക്കിളിന്റെ പിന്നിലേറി ശിവാജി പാർകിലെത്തിയ കാലം മുതൽ വാൻഖഡെയിൽ പതിനായിരങ്ങളെ കണ്ണീരിലാഴ്ത്തിയ ആ വിടവാങ്ങൽ പ്രസംഗം വരെ എത്രയെത്ര മനോഹര നിമിഷങ്ങളാണ് അയാൾ നമുക്കു സമ്മാനിച്ചിട്ടുള്ളത്?. മനസ്സിൽ പോലും അൽപം കുറുകിയ പന്തുകളെറിയുന്ന മൈക്കൽ കാസ്പറോവിച്ചിനെതിരെ ഷാർജയിൽ നേടിയ രണ്ടു സിക്സറുകൾ, 2003 ലോകകപ്പിൽ ശുഐബ് അക്തറിനെ സ്തബ്ധനാക്കിയ ആ അപ്പർ കട്ട്‌, മുന്നേ നടന്ന മത്സരത്തിൽ തന്നെ പുറത്താക്കിയ വെയിൻ പാർണെലിന്റെ സമാനമായൊരു പന്തിനെ വളരെ മനോഹരമായി ഫൈൻ ലെഗ് ബൗണ്ടറിയിലെത്തിച്ച ആ ടൈമിംഗ് ബ്രില്യൻസ്. ഇങ്ങനെ എത്രയോ മനോഹര നിമിഷങ്ങൾ ആ ബാറ്റിൽ നിന്നും പിറന്നിരിക്കുന്നു !!.

ഏതാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന ബാറ്സ്മാന്റെ ഏറ്റവും മികച്ച പ്രകടനം?. ഖുരാനകളുടെ ഗ്വാളിയോറിനെ റെക്കോർഡ് ബുക്കിലേക്കു കൈപിടിച്ചു കയറ്റിയ ഡബിൾ സെഞ്ചുറിയാണോ?, അതോ ഹൈദരാബാദിൽ ഓസീസിനെതിരെ ഏതാണ്ടൊറ്റയ്ക്കു വിജയം പിടിച്ചെടുത്ത ആ 175 റണ്ണുകളോ?. സെഞ്ചുറിയുടെ തിളക്കമില്ലെങ്കിലും 2003 ലോകകപ്പിൽ പാകിസ്താനെതിരെ നേടിയ 98 റണ്ണുകളും ആ മികവിന്റെ പര്യായമാണ്. പക്ഷേ എനിക്കേറ്റവുമിഷ്ടം തോറ്റുപോയ ഒരു ഇന്നിംഗ്സ് ആണ്. 1998ൽ ഷാർജയിൽ ഇന്ത്യയെ ഫൈനലിലേക്കു പ്രവേശിപ്പിച്ച ആ 143 റണ്ണുകൾ. ഡാമിയൻ ഫ്ലെമിങും, മൈക്കൽ കാസ്പറോവിച്ചും ഷെയ്ൻ വോണുമടങ്ങിയ ബൌളിംഗ് നിരയ്ക്കെതിരെ പൊരുതി നേടിയ ആ സെഞ്ചുറി എന്നും ഓരോ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമിയുടെയും മനസ്സിൽ നിറഞ്ഞു നിൽകും. തൊട്ടടുത്ത മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ച സെഞ്ചുറിയെക്കാൾ മികവുണ്ടായിരുന്നു ആ 143 റണ്ണുകൾക്ക്.

ബ്രാഡ്മാനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നു വിലയിരുത്തപ്പെടുമ്പോഴും ക്രിക്കറ്റിന്റെ നീളമേറിയ പതിപ്പിൽ സമകാലീനനായ ബ്രയാൻ ലാറയെക്കാൾ ഒരു പടി താഴെയായിരുന്നു സച്ചിൻ എന്നു തോന്നിയിട്ടുണ്ട്. ക്രീസിൽ കൂടുതൽ നേരം പിടിച്ചുനിൽക്കാനുള്ള ലാറയുടെ ക്ഷമാശീലം അതിനൊരു പ്രധാന കാരണമായി തോന്നി. എങ്കിലും ഒരിക്കലും മറക്കാനാകാത്ത ഒരു പിടി ഇന്നിങ്‌സുകൾ മാസ്റ്റർ ബ്ലാസ്റ്റർ തന്റെ പ്രതിഭയുടെ വിശകലനത്തിനായി വിട്ടു തന്നിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിൽ നേടിയ ഇരട്ട സെഞ്ചുറി വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നെങ്കിൽ , തന്റെ ഭാഗ്യമൈതാനമായ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ 1999ൽ പാകിസ്താനെതിരെ തോൽവിയിലും തലയുയർത്തി നിന്ന 136 റണ്ണുകൾ ഹൃദയത്തോടു ചേർന്നു നിൽക്കുന്നതായിരുന്നു. 1992ൽ ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ നേടിയ 114 റണ്ണുകൾ പേസ് ബൗളർമാരുടെ പറുദീസയിൽ ഒരു പത്തൊന്പതുകാരൻ പയ്യന്റെ മാമ്മോദീസയായിരുന്നുവെങ്കിൽ അതിനും ഒരു കൊല്ലം മുന്നേ മാഞ്ചസ്റ്ററിൽ നേടിയ 119 റണ്ണുകൾ വരാനിരിക്കുന്ന സെഞ്ചുറി വസന്തത്തിന്റെ മൊട്ടുകൾ മാത്രമായിരുന്നു.

ഒരു മലയാളിയെന്ന് നിലയിൽ എനിക്കും അഭിമാനമുണ്ട്. ബാറ്റു കൊണ്ട് ഇന്ദ്രജാലങ്ങൾ കാട്ടിയ ആ കൈകൾ പന്തു കൊണ്ട് അവ പുനരാവിഷ്കരിച്ചപ്പോൾ സാക്ഷിയായത് എന്റെ നാടാണെന്നതിൽ !!. ആ ഓഫ് ബ്രേക്കുകൾ ബാറ്റ്സ്മാന്റെ പ്രതിരോധശക്തിയെ പരീക്ഷിച്ചപ്പോൾ അറബിക്കടലിലെ തിരമാലകളെക്കാൾ ഉച്ചത്തിൽ ആർത്തു വിളിച്ചത് ആ അഭിമാനം നൽകിയ ഊർജം നെഞ്ചിൽ ഉൾകൊണ്ടായിരുന്നു.

“നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾക്കു നിറങ്ങൾ നൽകുക, അവയെ നിങ്ങളുടെ ഹൃദയത്തിന്റെ ക്യാന്വാസിനോട് ചേർത്തു നിർത്തുക, നിങ്ങളുടെ ഹൃദയമിടിപ്പുകൾ അവയ്ക്കു ജീവൻ നൽകും “.

സച്ചിൻ എന്ന മനുഷ്യൻ ക്രിക്കറ്റ്‌ എന്ന തന്റെ സ്വപ്നത്തെ ഹൃദയത്തോടു ചേർത്തു നിർത്തിയപ്പോൾ പക്ഷേ ജീവൻ ലഭിച്ചത് നൂറുകോടി സ്വപ്നങ്ങൾക്കായിരുന്നു. കാരണം അത്രയേറെ മിഴിവുണ്ടായിരുന്നു ക്രിക്കറ്റിന് അയാൾ വരച്ചു നൽകിയ നിറങ്ങൾക്ക്.

എന്നെങ്കിലുമൊരുനാൾ കണ്ടുമുട്ടുകയാണെങ്കിൽ താങ്കളോടു പറയാൻ എന്റെ മനസ്സിൽ ഒരേയൊരു വാചകമേയുള്ളൂ,

“പ്രിയ സച്ചിൻ, താങ്കൾ മൈതാനത്തോടു വിട പറഞ്ഞ ദിനം ഒരു തലമുറ മുഴുവൻ കണ്ണീർ പൊഴിച്ചിരുന്നു, അവരുടെ ഹൃദയങ്ങൾ തകർന്നിരുന്നു… കാരണം,

“സച്ചിനെന്ന വാക്കിന് അവരുടെ ബാല്യമെന്നുകൂടി അർത്ഥമുണ്ടായിരുന്നു !!”.

Leave a comment