ഐ.എസ്.എല്‍: എ.ടി.കെയുടെ താണ്ഡവത്തിൽ തകർന്നടിഞ്ഞ് ഹൈദരാബാദ് എഫ്.സി
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ ആറാം മൽസരത്തിൽ എ.ടി.കെ ഹൈദരാബാദ് എഫ്.സിയെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കായിരിക്കുന്നു ഹൈദരാബാദ് എഫ്.സിയെ തോൽപ്പിച്ചത്. ആദ്യ മൽസരത്തിൽ കേരളത്തിനോട് തോറ്റ എ.ടി.കെ തകർപ്പൻ പ്രകടനമാണ് ഇന്നലെ നടത്തിയത്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡേവിഡ് വില്യംസിന്റെയും എഡു ഗാര്‍ഷ്യയുടെയും തകർപ്പൻ പ്രകടനത്തിലൂടെയാണ് അവർ വിജയിച്ചത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ എ.ടി.കെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി.
മൽസരത്തിൽ ആദ്യ ഗോൾ നേടിയത് ഡേവിഡ് ആയിരുന്നു. 25-ാം മിനിറ്റില്‍ ആദ്യ ലീഡ് നേടിയ എ.ടി.കെ പിന്നീട് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആദ്യ ഗോൾ നേടിയതിന് രണ്ട് മിനിട്ടുകൾക്കകം അവർ രണ്ടാം ഗോൾ നേടി. റോയി ആയിരുന്നു രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ അവർ മൂന്നാം ഗോൾ നേടി. പിന്നീട് 88,94 എന്നീ മിനിറ്റുകളിൽ അവർ ബാക്കി രണ്ട് ഗോളുകൾ കൂടി നേടി. ഗാര്‍ഷ്യയും, ഡേവിഡ് വില്യംസും രണ്ട് ഗോളുകൾ വീതം നേടി. ഈ ജയത്തോടെ എ.ടി.കെ പോയിന്റ് നിലയിൽ ഒന്നാമതെത്തി.






































