ഗബ്രിയേൽ മാർട്ടിനെല്ലി: ആര്സെനലിന്റെ പുത്തൻ താരോദയം
ഈ സമ്മർ ട്രാൻസ്ഫെറിൽ ആദ്യ സൈനിങ് ആയി ബ്രസീലിയൻ കൗമാര താരം ഗബ്രിയേൽ മാർട്ടിനെല്ലിയെ ബ്രസീലിയൻ ക്ലബ്ബായ ഇറ്റുവാനോയിൽ നിന്നും 6മില്യൺ പൗണ്ടിനു ആര്സെനൽ സ്വന്തമാക്കിയപ്പോൾ നെറ്റി ചുളിച്ച ആരാധകർ ഒരുപാടായിരുന്നു. കുറെ കൊല്ലങ്ങളായി ട്രാൻസ്ഫർ വിൻഡോയിൽ ഗണ്ണേഴ്സ് പിൻതുടരുന്ന വമ്പൻ താരങ്ങളെ സ്വന്തമാക്കാതെ, ചെറിയ തുകക്ക് യുവ താരങ്ങളെ സ്വന്തമാക്കുകയും മത്സര സമയം കിട്ടാൻ മറ്റു ക്ലബ്ബുകളിലേക്ക് ലോണിനയക്കുക എന്ന നയത്തിന്റെ തുടർച്ച തന്നെയാകും മാർട്ടിനെല്ലിയുടെ കാര്യത്തിലും ഉണ്ടാവുക എന്ന് വലിയൊരു വിഭാഗം വിധിയെഴുതി. എന്നാൽ പ്രതീക്ഷിച്ച തിരക്കഥ ആയിരുന്നില്ല പിന്നീട് സംഭവിച്ചത്.
ആദ്യമായി ആർസെനാൽ ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നീക്കങ്ങളിലൂടെ പെപെ, ലൂയിസ്, ടിർണി എന്നിവരെ ടീമിലെത്തിച്ചു. പ്രീ സീസൺ മത്സരങ്ങളിൽ വമ്പൻ ടീമുകൾക്കെതിരെ പോലും മാർട്ടിനെല്ലി ഉൾപ്പടെയുള്ള യുവതാരങ്ങൾക്ക് മികവ് തെളിയിക്കാൻ അവസരം നൽകി. ഒടുവിൽ ആർസെനൽ അക്കാദമി താരം എഡി നികേത ലീഡ്സിലേക്ക് ലോണിൽ പോയത് മാര്ടിനെല്ലിക്കു ഫസ്റ്റ് ടീമിൽ സൂപ്പർ താരങ്ങളായ അബാമേയാങ്, ലകാസെറ്റ് എന്നിവർക്ക് പകരക്കാരനായി മാറാൻ അവസരം ലഭിച്ചു. പ്രീ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ച മാർട്ടിനെല്ലി ന്യൂ കാസിലിനെതിരായ മത്സരത്തിൽ സബ്സ്റ്റിടൂട്ടായി ഏതാനും നിമിഷം കളത്തിറങ്ങി. എന്നാൽ മാർട്ടിനെല്ലി കരബാവോ കപ്പിൽ നോട്ടിങ്ഹാമിനെതിരെയുള്ള മത്സരത്തിൽ തന്റെ വരവറിയിച്ചു. മത്സരത്തിലുടനീളം മികച്ച രീതിയിൽ കളിച്ച താരം മനോഹരമായ ഒരു ഹെഡർ ഗോൾ ഉൾപ്പടെ 2ഗോൾ നേടി. ഇതോടെ യൂറോപ്പ ലീഗിൽ സ്റ്റാൻഡേർഡ് ലീഗിനെതിരെയുള്ള മത്സരത്തിലും മാർട്ടിനെല്ലി ഇടം നേടി. അബാമേയങ്ങിനു വിശ്രമം നൽകി തനിക്ക് അവസരം നൽകിയ കോച്ചിന്റെ തീരുമാനം ശെരിവയ്ക്കും വിധം ആദ്യ 15മിനുട്ടിൽ തന്നെ രണ്ടു ഗോൾ നേടി മാർട്ടിനെല്ലി പ്രീമിയർ ലീഗിലേക്കും അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. എല്ലാ ചാംപ്യൻഷിപ്പുകളിലും ഗോളിനായി ലാക്ക -ആബ ദ്വയത്തിൽ അമിതമായി ആശ്രയിക്കേണ്ടി വരുന്ന ആർസെനലിനു, ജിറൂഡിന് ശേഷം സെറ്റ് പീസുകളിൽ ഹെഡ് ചെയ്തു ഗോൾ നേടാൻ കഴിവുള്ള മുൻ നിരക്കാർ ഇല്ലാതിരുന്ന ഗണ്ണേഴ്സിന് മാർട്ടിനെല്ലി ഒരു ഉത്തരമാണ്.
എന്നാൽ ഈ സീസണിൽ ഫസ്റ്റ് ടീമിലേക്ക് ഉടനെത്തുക എന്നത് താരത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കാരണം 2സീസണുകളായി ആർസെനലിനെ രക്ഷിക്കുന്ന ലാക -ആബ എന്നിവർ തന്നെയാകും എമറിയുടെ ഫസ്റ്റ് ചോയ്സ്. എന്നാൽ സ്ട്രൈക്കറായും വൈഡ് ആയിട്ട് കളിക്കാനും കഴിവുള്ള മാർട്ടിനെല്ലിക്കു മറ്റു ചാംപ്യൻഷിപ്പുകൾ മുന്നിലെ വലിയ അവസരമാണ്. അത് മുതലാക്കിയാൽ വരും വർഷങ്ങളിൽ ലാക -ആബക്കു ശേഷം ആര്സെനലിന്റെ ഭാവിയായി മാറാൻ ഈ 18കാരന് കഴിയും.






































